കൊച്ചി: ലൈംഗികാത്രിക്രമ കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ഒമർ ലുലുവിന് ജാമ്യം അനുവദിച്ചത്. ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. കേസില്‍ ഒമർ ലുലുവിന് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. യുവതിയുടെ പരാതിയിൽ എറണാകുളം റൂറൽ പൊലീസാണ് ഒമർ ലുലുവിനെതിരെ കേസെടുത്തത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഒമര്‍ ലുലു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് ഒമർ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സിനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഒമർ ലുലുവിന്റെ മുൻ സിനിമയിലും പരാതിക്കാരി അഭിനയിച്ചിരുന്നു.
അതേസമയം ,നടിയുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ഒമർ ലുലു പറഞ്ഞിരുന്നു. യുവതിയുമായി വിവിധ സ്ഥലങ്ങളിൽ യാത്ര നടത്തിയിട്ടുണ്ട്. എന്നാൽ സൗഹൃദം ഉപേക്ഷിച്ചതോടെ തന്നോട്ട് വ്യക്തിവിരോധം ആയെന്നും ഇതാണ് പരാതിക്ക് പിറകിലെന്ന് സംശയിക്കുന്നതായും ഒമർ ലുലു പറഞ്ഞു. പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്മെയിലിംഗ് സംഘം ഉണ്ടോ എന്ന സംശയമുണ്ടെന്നും സംവിധായകൻ പറഞ്ഞിരുന്നു.