കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിക്കാന്‍ മൂന്നു മാസത്തിനകം ലോഡ് ടെസ്റ്റ് (ഭാര പരിശോധന) നടത്തണമെന്ന വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. ഭാരപരിശോധന നടത്താന്‍ എന്താണ് തടസ്സമെന്ന് ചോദിച്ചുകൊണ്ടാണ് ഹര്‍ജി തള്ളിയത്. വിധി വന്ന് ഒരു മാസം പിന്നിട്ടിട്ടും അത് നടപ്പാക്കാതെ സര്‍ക്കാര്‍ ഭാരപരിശോധന നീട്ടിക്കൊണ്ട് പോകുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
പാലം അപകടാവസ്ഥയിലാണെന്നും അനുവദനീയമായ അളവിലും കൂടുതല്‍ വിള്ളല്‍ മേല്‍പ്പാലത്തില്‍ ഉണ്ടെന്നുമുള്ള സാങ്കേതിക വിദഗ്ധ സമിതിയുടെയും ഐഐടികളുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലോഡ് ടെസ്റ്റ് നടത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ എത്രയും പെട്ടെന്ന് ഭാരപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് എ.എന്‍ ഷഫീക്കും അടങ്ങിയ ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു. അതേ സമയം ഭാരപരിശോധന നടത്താന്‍ സമയമെടുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.