തിരുവനന്തപുരം: മംഗളൂരില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധം. വിവിധ ജില്ലകളില്‍ പ്രതിഷേധ പ്രകടനങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. മാധ്യമ പ്രപവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ലിയുജെയുടേയും വിവിധ പ്രസ്ക്ലബുകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങളുമായി മാധ്യമ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഹാജരാക്കിയിട്ടും മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിന് എതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.
യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ വിവിധ മേഖലകളില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുണ്ട്. മംഗലൂരുവിലെ മാധ്യമ വേട്ടക്ക് എതിരെ കൊല്ലത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. വയനാട്ടില്‍ കര്‍ണാടക ബസ് തടഞ്ഞായിരുന്നു പ്രതിഷേധം സംഭവത്തില്‍ പത്ത് മാധ്യമ പ്രവര്‍ത്തകരാണ് മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലുള്ളത്. രേഖകള്‍ പരിശോധിക്കാനാണെന്ന വിശദീകരണമാണ് മംഗളൂരു പോലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി പുറത്ത് വരുന്നത്. രാവിലെ എട്ടരയോടെയാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.