നീണ്ട പത്ത് മണിക്കൂർ പിന്നിട്ട് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പോളിങ്. ആദ്യഘട്ടത്തിൽ ഉച്ചവരെ മന്ദഗതിയിലായിരുന്ന പോളിങ് ബൂത്തുകൾ വൈകുന്നേരമായതോടെ സജ്ജീവമാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇതുവരെ 65.32 % പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാശിയേറിയ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുകയാണ്. ഓരോ മണ്ഡലത്തിലും മികച്ച പോളിങാണ് രേഖപ്പെടുത്തുന്നത്. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിയിരുന്നു. ആദ്യം തന്നെ വോട്ട് ചെയ്ത് പിന്നീടുള്ള തിരക്ക് ഒഴിവാക്കാനാണ് പലരും നേരത്തെ എത്തിയത്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,00,290 പേര് സ്ത്രീ വോട്ടര്‍മാരാണ്.കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുള്ള വിധിയെഴുത്ത് മൂന്ന് മുന്നണികൾക്കും നിര്‍ണായകമാണ്.