തിരുവനന്തപുരം: ജനങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ അത് മറച്ചുവയ്ക്കാൻ നടത്തുന്ന അശ്ലീലനാടകമാണ് നവകേരള സദസെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.
ജനങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ ജനങ്ങളുടെ ചെലവിലാണ് ഈ നാടകം മുഴുവൻ നടത്തുന്നത്. നവകേരള സദസ് കൊണ്ട് എന്തു പ്രയോജനം, ആര്ക്കാണുണ്ടായത്. ഏതെങ്കിലുമൊരു ജനകീയ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ കഴിയുമോ എന്നും സതീശൻ ചോദിച്ചു.
ജനങ്ങളോട് സര്‍ക്കാര്‍ ആകാശവാണിയാകുന്ന കാഴ്ചയാണ് നവകേരള സദസിലൂടെ നടക്കുന്നത്. മാസങ്ങള്‍ക്ക് മുമ്ബ് മന്ത്രിമാരുടെ അദാലത്തില്‍ വാങ്ങിയ പരാതികള്‍ പരിഹരിക്കപ്പെട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ പരാജയവും കെടുകാര്യസ്ഥതയും അഴിമതിയും ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിച്ചുകൊണ്ട് ഡിസംബര്‍ രണ്ടുമുതല്‍ 22 വരെ യുഡിഎഫ് 140 നിയോജകമണ്ഡലങ്ങളിലും വിചാരണ സദസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.