പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് പി വി അന്‍വറിനോട് അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. യുഡിഎഫിന്റെ തീരുമാനപ്രകാരമാണ് വി ഡി സതീശന് അന്‍വറിനോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കണമെന്ന് അന്‍വറിനോട് പ്രതിപക്ഷ നേതാവ് പറഞ്ഞു.
നേരിട്ടും അല്ലാതെയും യുഡിഎഫ് ബന്ധപ്പെട്ടതായും യുഡിഎഫ് അഭ്യർത്ഥന ചർച്ച ചെയ്യുമെന്നും കൂടിയാലോചനകൾക്ക് ശേഷം തീരുമാനമെന്നും അൻവർ വ്യക്തമാക്കി. മതേതരചേരികൾ ഒന്നിച്ചു നിൽക്കണമെന്ന് താൻ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അത് മാത്രമാണ് മുന്നോട്ട് വെക്കുന്നതെന്നും അൻവർ വിശദീകരിച്ചു. പാലക്കാട് ബിജെപിക്കെതിരെ പൊതുസ്വതന്ത്രന് വരണമെന്നും ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്. പാലക്കാട് ബിജെപി ജയിക്കാനുള്ള സാധ്യതകളുണ്ട് എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചുകൊണ്ട് ഒരു ബിജെപി വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിക്കാനുള്ള ആലോചനകളിലേക്ക് പിവി അന്‍വര്‍ കടക്കുന്നത് എന്നാണ് വിലയിരുത്തല്‍. ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി വന്നാല്‍ ഒരു സംശയവുമില്ലാതെ പാലക്കാട് ജയിക്കാമെന്നാണ് അന്‍വര്‍ പറഞ്ഞിരുന്നത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐഎം പിന്തുണയോടെ ഡോ പി സരിനാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക.