വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഇറക്കിയ ഉത്തരവ് തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ എല്ലാ മനോഹാരിതയും നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകര്‍ക്കാനുള്ള നീക്കമായെ ഇതിനെ കാണാനാകുകയുള്ളുവെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. കേന്ദ്രത്തിന്റെ എക്സ്പ്ലോസീവ് നിയമത്തിലെ ഭേദഗതി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രി കെ രാജന്റെ വിമര്‍ശനങ്ങള്‍. കാണികള്‍ക്ക് ഉള്ള ദൂര പരിധി 60 മീറ്റര്‍ ആക്കി കുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുതിയ ഭേദഗതി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലാണ് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.
ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല. ഈ അകലം 60 മുതൽ 70 മീറ്റര്‍ വരെയായി കുറയ്ക്കണം. താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഷെഡ്ഡും ഫയര്‍ലൈനും തമ്മിലെ അകലം 100 മീറ്ററാക്കി. ഇത് 15 മീറ്ററാക്കി കുറയ്ക്കണം. ആശുപത്രി, സ്കൂൾ, നഴ്സിംഗ് ഹോം എന്നിവയിൽ നിന്നും 250 മീറ്റർ അകലെ ആയിരിക്കണം വെടിക്കെട്ടുകൾ നടക്കേണ്ടതെന്ന എന്ന നിബന്ധനയും മാറ്റണം.
ഇതിൽ സ്കൂളുകൾ എന്നത് പ്രവർത്തിക്കുന്ന സ്കൂളുകൾ ആക്കണം. ഹോസ്പിറ്റലിൽ നിന്നും നഴ്സിംഗ് ഹോമിൽ നിന്നും നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണം എന്ന നിബന്ധന വെക്കണം. വെടിക്കെട്ടിനെ കുറിച്ച് യാതൊരു അറിവും ഇല്ലാത്തവരാണ് ഇത്തരം ഉത്തരവുകൾ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കേരളത്തിനോടും പൂര പ്രേമികളോടും ഉള്ള വെല്ലുവിളികളാണ്. പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിയ്ക്കും കേരളത്തിൽ നിന്നുമുള്ള രണ്ട് എംപിമാർക്കും വിഷയത്തിന്റെ ഗൗരവം കാണിച്ച് കത്ത് നൽകും.