തിരുവനന്തപുരം: സാലറി ചലഞ്ച് വഴി വൈദ്യുതി ബോര്‍ഡ് ജീവനക്കാരില്‍നിന്നു പിടിച്ച 132 കോടി രൂപ ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും. ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് വൈദ്യുത മന്ത്രി എം.എം. മണിയാണ് തുക മുഖ്യമന്ത്രിക്ക് കൈമാറുന്നത്.
സാലറി ചലഞ്ചിലൂടെ ജീവനക്കാരില്‍നിന്നു ഗഡുക്കളായി പിരിച്ചെടുത്ത 132 കോടി രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറാന്‍ കഴിഞ്ഞയാഴ്ച തീരുമാനമെടുത്തിരുന്നതായി വൈദ്യുതി ബോര്‍ഡ് ചെയര്മാന് എന്‍.എസ്. പിള്ള പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു. സമാഹരിക്കുന്ന പണം ഒരുമിച്ചു കൈമാറാനാണു തീരുമാനിച്ചിരുന്നത്.
2018 സെപ്റ്റംബര്‍ മുതല്‍ സാലറി ചലഞ്ചിലൂടെ ജീവനക്കാര്‍ ഒരുമാസം മൂന്നുദിവസത്തെ ശന്പളംവീതം പത്തുമാസം നല്‍കിയിരുന്നു. ഇടതു യൂണിയന് അംഗങ്ങളില്‍ 99 ശതമാനവും പങ്കെടുത്തിരുന്നു. പണം സമാഹരണം ജൂലൈയിലാണ് പൂര്‍ത്തിയായത്.
അണക്കെട്ടുകള്‍ തുറന്നുവിടാന്‍ അവസാനം വരെ കാത്തിരുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കെഎസ്ഇബി സ്വന്തം നിലയില്‍ 36 കോടി രൂപയും ജീവനക്കാര്‍ ആദ്യഘട്ടത്തില്‍ നല്കിയ ശന്പളവും ഉള്‍പ്പെടെ 50 കോടി രൂപ സെപ്റ്റംബറില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു.