സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്ന സ്വര്‍ണക്കടത്ത് വിവാദ പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതില്‍ പങ്കെടുക്കും. മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റച്ചട്ടം കര്‍ശനമാക്കാനാണ് പാര്‍ട്ടിയുടെ നീക്കം. സ്വര്‍ണ്ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കര്‍ശനമായി ഇടപെടാനാണ് പാര്‍ട്ടി തീരുമാനം. പാര്‍ട്ടി പെരുമാറ്റചട്ടം പാലിച്ചല്ല പല പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും പ്രവര്‍ത്തനം എന്ന വിലയിരുത്തലിലാണ് സിപിഎം. മന്ത്രിമാരുടെ ഓഫീസുകളില്‍ പാര്‍ട്ടി പ്രതിനിധികളെ ഉറപ്പാക്കിയിട്ടുണ്ടെങ്കിലും വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും എതിരെ ജാഗ്രത പാലിക്കാനോ പാര്‍ട്ടി വേദികളില്‍ യഥാസമയം ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനോ പലരും തയ്യാറാകുന്നില്ലെന്ന വിമര്‍ശനം സിപിഎം സംസ്ഥാന നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് മീറ്റിങ് വിളിച്ചിരിക്കുന്നത്.
.