ചേർത്തല: വില്‍പ്പനയ്ക്ക് വച്ചിരുന്ന ആറുമാസത്തോളം പഴക്കമുള്ള മത്സ്യങ്ങള്‍ പിടികൂടി. ചേര്‍ത്തല മുട്ടം മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് മാസങ്ങളോളം പഴക്കമുള്ള മുന്നൂറ് കിലോയോളം തൂക്കം വരുന്ന പത്ത് വലിയ കേര മത്സ്യങ്ങള്‍ പിടികൂടിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചേർത്തല നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാര്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. പിടികൂടിയ മത്സ്യങ്ങളില്‍ പലതിന്‍റെയും കണ്ണ്, ചെകിള ഭാഗങ്ങൾ മുഴുവാനായും ദ്രവിച്ചിരുന്നു. മുട്ടം മാർക്കറ്റിലെ മത്സ്യ മൊത്ത വിതരണക്കാരായ പ്രസാദ്, നാസർ, അഭിലാഷ്, ജോയി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് മത്സ്യങ്ങള്‍.
പരിശോധനാ സംഘത്തിന് നേരെ പ്രതിഷേധമുണ്ടായതോടെ ബലപ്രയോഗത്തിലൂടെയാണ് മീനുകൾ പിടിച്ചെടുത്തത്. ഇതിനിടെ നാസർ രണ്ട് വലിയ മീനുകൾ സൈക്കിളിൽ കടത്താൻ ശ്രമിച്ചതും പരിശോധന വിഭാഗം തടഞ്ഞതും പ്രതിഷേധത്തിനിടയാക്കി. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് വൻതോതിൽ മാസങ്ങളോളം പഴകിയ വലിയ മത്സൃങ്ങൾ മാർക്കറ്റിലെത്തുന്നത്. ഹോട്ടൽ, ഷാപ്പ്, കാറ്ററിംഗ് എന്നിവർക്ക് മത്സ്യം കഷണങ്ങളാക്കി വളരെ വില കുറച്ചുമാണ് വില്പന നടത്തുന്നത്.