ഈസ്റ്റർ ദിനത്തിൽ പള്ളികൾ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിലെ പുത്തൻപള്ളി, ഒല്ലൂർ പള്ളി എന്നിവിടങ്ങളിൽ സുരേഷ് ഗോപി സന്ദർശനം നടത്തി. തൃശ്ശൂർ അതിരൂപത ബിഷപ്പ് ഹൗസിലെത്തിയ കേന്ദ്രമന്ത്രിയെ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സ്വീകരിച്ചു. അടി തെറ്റി വീണാലും നിനക്ക് ഉയിർപ്പ് ഉണ്ട് എന്നതിന്റെ സന്ദേശമാണ് ഈസ്റ്റർ നൽകുന്നതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.
പ്രതീക്ഷ ഒന്നില്ലങ്കിൽ ജീവിതമില്ല, പ്രതീക്ഷയിലൂടെയാണ് ഒരോ കുടുംബവും സംസ്ഥാനവും രാജ്യവും മുന്നോട്ട് പോകുന്നത്. ആ പ്രതീക്ഷയാണ് ഈസ്റ്റർ നൽകുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആശംസകൾ നേർന്നു. തൃശൂർ പുത്തൻപള്ളിയിലാണ് സുരേഷ് ഗോപി ആദ്യം സന്ദർശനം നടത്തിയത്. ഇന്ന് വിവിധയിടങ്ങളിൽ ഈസ്റ്റർദിന സന്ദർശനം തുടരുമെന്നാണ് കേന്ദ്രമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം പാളയം ലൂർദ് ഫൊറോന പള്ളിയിലെത്തി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ച് ഈസ്റ്റർ ആശംസകൾ നേർന്നു. സ്നേഹയാത്ര പോലെ വീടുകളിൽ എത്തി ഒരു സ്പെഷ്യൽ വിസിറ്റിൻ്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.