സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നുണ്ടെങ്കിലും തത്കാലം വരാന്ത്യ ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
അതേസമയം ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ താമസിക്കുന്ന എല്ലാവരേയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കും. ഇത്തരം പ്രദേശങ്ങളിലുള്ള വീടുകളിലെ എല്ലാവരേയും പരിശോധിക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.
ഇതോടൊപ്പം രണ്ടാം തരംഗത്തില്‍ കേരളത്തില്‍ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്തും. വൈറസിന്റെ ജനതികമാറ്റം പഠിക്കാന്‍ ജീനോം പഠനം നടത്താനാണ് യോഗത്തിലെ തീരുമാനം. കൊവിഡ് രോഗികളുടെ എണ്ണം ഈ ദിവസങ്ങളില്‍ കുതിച്ചുയര്ന്നുവെങ്കിലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അടിയന്തര സാഹചര്യം നേരിടാന്‍ തക്കവണ്ണം സജ്ജമാണെന്നാണ് ഇന്നത്തെ യോഗത്തിലുണ്ടായ വിലയിരുത്തല്‍.
സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.