തിരുവല്ലയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് തീകൊളുത്തിയതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
മാര്‍ച്ച് 12-നു രാവിലെ ഒമ്പത് മണിയോടെ തിരുവല്ല ചിലങ്ക ജംഗ്ഷനില്‍വെച്ചായിരുന്നു സംഭവം. യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതിയായ കുമ്പനാട് സ്വദേശി അജിന് റെജി മാത്യു(18)വിനെ സംഭവസ്ഥലത്തു നിന്നും തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരിക്കെ വൈകിട്ട് ആറു മണിയോടെയായിരുന്നു മരണം. ഇന്ന് ഉച്ചയോടെ പെണ്‍കുട്ടിയുടെ രക്ത സമ്മര്‍ദം ഉയരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുകയും ചെയ്തതതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
നെഞ്ചില്‍ ഉള്‍പ്പെടെ ഗുരുതരമായി പൊള്ളലേറ്റതാണു മരണത്തിനു കാരണമായത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. പൊലീസ് എത്തി നാളെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച അജിന് പൊലീസ് കസ്റ്റഡിയിലാണ്. കത്തിയും രണ്ടു കുപ്പി പെട്രോളുമായാണ് അജിന് യുവതിയെ ആക്രമിച്ചത്. പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം. ഇരുവരും രണ്ടു വര്‍ഷമായി പ്രണയത്തില്‍ ആയിരുന്നുവെന്നാണ് തിരുവല്ല പൊലീസ് പറഞ്ഞത്. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഇവര്‍ ഒരുമിച്ചു പഠിച്ചവരാണ്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ആക്രമണം.