കോഴിക്കോട് കോടഞ്ചേരി സെന്റ് ജോസഫ് സ്കൂളിലെ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ആണ് അന്വേഷണ ചുമതല .റിപ്പോർട്ട് വന്നതിന് ശേഷം സംഭവത്തിൽ പ്രതികരിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി . അതേസമയം സ്കൂൾ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച അലീനയുടെ കുടുംബം. 5 വർഷമായി ശമ്പളം ലഭിച്ചില്ലെന്ന് പിതാവ് ബെന്നി പറഞ്ഞു. അലീനയുടെ സംസ്കാരം ഇന്ന് നടക്കും.
മരണത്തിൽ ഗുരുതര ആരോപണമാണ് മരിച്ച അലീനയുടെ കുടുംബം ഉന്നയിക്കുന്നത്.നാലു വർഷം കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിലും ഒരു വർഷം സെൻ്റ് ജോസഫ് സ്കൂളിലും ജോലി ചെയ്തു. ഒരു രൂപ പോലും ശമ്പളം ലഭിച്ചില്ല.ഇതിൻ്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്ന പിതാവിൻ്റെ ആരോപണം പൂർണ്ണമായും തള്ളികളയുന്ന പത്രക്കുറിപ്പാണ് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മലബാർ മേഖല കമ്മറ്റിയുടേത്.
അലീനയ്ക്ക് നല്‍കിയത് സ്ഥിരം നിയമനം ആണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വിശദീകരണം തള്ളിയ ബെന്നി, മാനേജ്മെന്റിന്റെ വീഴ്ചയ്ക്ക് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും പുറത്തുവിടുമെന്നും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ചനിലയിൽ അലീനയെ കണ്ടെത്തിയത്. അലീന സ്കൂളില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ താമരശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.