ഇടുക്കി: അനധികൃത പാറ പൊട്ടിക്കലും മണ്ണ് കടത്തലും നടത്തിയെന്ന പരാതിയിൽ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനെതിരെ അന്വേഷണം. സംഭവത്തിൽ വർഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ നിർദേശം നൽകി.
എല്ലാ വില്ലേജ് ഓഫീസുകളിലും കളക്ടറുടെ ഉത്തരവിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർമാർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇടുക്കിയിലെ ഉടുമ്പൻചോല അടക്കമുള്ള വിവിധയിടങ്ങളിലാണ് പാറപൊട്ടിക്കലും ഖനനവും നടക്കുന്നത്.എല്ലാ അനധികൃത ഖനനങ്ങളും പരിശോധിക്കും.
ആരോപണം ഉയർന്നപ്പോൾ തന്റെ കൈകൾ ശുദ്ധമാണെന്നായിരുന്നു വർഗീസ് മറുപടി നൽകിയത്. പൊതുപ്രവർത്തകനാണ് പരാതി നൽകിയത്. കഴിഞ്ഞ ഡിസംബർ പതിനൊന്നിനാണ് ജില്ലാ കളക്ടർക്ക് പരാതി ലഭിച്ചത്. ജീവനിൽ പേടിയുള്ള ഒരു പൊതുപ്രവർത്തകൻ എന്നാണ് നൽകിയിരിക്കുന്നത്.
സാമ്പത്തികമായി വളരെ പിന്നാക്കം നിന്നിരുന്ന നേതാവായിരുന്നു വർഗീസ്. എന്നാൽ ഇപ്പോൾ 15 ടിപ്പർ ലോറി, നാല് ജെ സി ബി, ഇന്നോവ അടക്കമുള്ളവ അദ്ദേഹം സ്വന്തമാക്കി. വിഷയത്തിൽ പൊലീസിന് പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.റോഡ് പണിയുടെ മറവിൽ വലിയ തോതിൽ മണ്ണ് കയറ്റിക്കൊണ്ടുപോകുന്നതായും ആരോപണമുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർക്ക് പരാതിക്കാരൻ, പരാതിയുടെ പകർപ്പ് അയച്ചിട്ടുണ്ട്.