കൊല്ലം: കൈക്കൂലി വാങ്ങിയ രണ്ട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വൻ തുക പിഴ ഈടാക്കുന്നത് ഒഴിവാക്കാൻ ഏജന്റിന്റെ ഗൂഗിള്‍ പേയിലൂടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പണം വാങ്ങിയത്.
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പക്ടർ വി.ആർ.ലിജിൻ, ഡ്രൈവർ എൻ. അനില്‍കുമാർ എന്നിവരെയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
ജനുവരി നാലിനു പാറപ്പൊടി കയറ്റിവന്ന രണ്ട് ലോറികള്‍ ഉദ്യോഗസ്ഥർ പിടികൂടുകയും വൻ തുക പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഒത്തുതീർപ്പെന്ന നിലയില്‍ ഇരുപതിനായിരം രൂപ ഏജന്റിന്റെ അക്കൗണ്ടിലേക്ക് അയപ്പിച്ചു. തുടർന്ന് കരട് ചെല്ലാൻ റദ്ദാക്കി.
ഇതുസംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് രഹസ്യ വിവരം ലഭിക്കുകയും നേരിട്ട് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടർന്നാണ് ഇവർക്കെതിരെ നിയമനടപടി സ്വീകരിച്ചത്.