ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തനിക്കുമെതിരെ മുന്‍ ഡിജിപി സെന്‍കുമാര്‍ നടത്തിയ ആരോപണത്തിന് മറുപടിയുമായി തുഷാര്‍ വെള്ളാപ്പള്ളി. എസ് എന്‍ ഡി പിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ സംഘടനയ്ക്കെതിരെ രംഗത്തുവന്നത്. വന്‍ സാമ്ബത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍ പറയുന്നത്. ആരോപണം ഉന്നയിച്ച ഇയാള്‍ കുറച്ചുനാള്‍ മുന്‍പ് ഡിജിപിയായിരുന്നു. എന്നിട്ട് എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും തുഷാര്‍ ചോദിച്ചു.
‘സെന്‍കുമാര്‍ എന്നു പറയുന്ന ഈ മാന്യദേഹം ഒന്നരവര്‍ഷം മുന്‍പ് വഴിയെ പോകുന്ന സമയത്ത് മക്കളുടെ കല്യാണം നടത്താന്‍ വേണ്ടി യൂണിയന് സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരം എസ്എന്‍ഡിപി യോഗത്തില്‍ അംഗത്വമെടുത്തതാണ്. അദ്ദേഹം എസ്എന്‍ഡിപിയുമായി ഒരുബന്ധവും ഉള്ള ആളല്ല. എസ്എന്‍ഡിപിയ്ക്കെതിരെ അദ്ദേഹത്തിന് ഇത്തരം സംശയുമുണ്ടായിരുന്നെങ്കില്‍, കുറച്ചുനാള്‍ മുന്‍പ് ഡിജിപിയായിരുന്നല്ലോ.അന്വേഷിക്കാമായിരുന്നല്ലോ’ തുഷാര്‍ പറഞ്ഞു.
എസ്എന്‍ഡിപിയോഗത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ പല പ്രാവശ്യം വന്നതാണ്. കോടതിയും വിജിലന്‍സും അന്വേഷണം നടത്തിയപ്പോള്‍ യോഗത്തിന്റെ പ്രവര്‍ത്തനം സുതാര്യമായ രീതിയിലാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എസ്എന്‍ഡിപി യോഗത്തിനും എസ്എന്‍ ട്രസ്റ്റിനും കിട്ടിയ സംഭാവനകള്‍ കൊണ്ടാണ് സംഘടനയ്ക്ക് കീഴില്‍ കാണുന്ന ഈ വികസനങ്ങളെല്ലാം. കഴിഞ്ഞ ഒരുനൂറ്റാണ്ടുകൊണ്ട് 43 സ്ഥാപനങ്ങള്‍ ഉണ്ടായിടത്ത് ഇന്ന് 90 നും 100 നും ഇടയ്ക്ക് സ്ഥാപനങ്ങള്‍ ഉണ്ടെന്നും തുഷാര്‍ പറഞ്ഞു.