തിരുവനന്തപുരം: പട്ടത്ത് ഫോര്‍മാലിന്‍ കലര്‍ന്ന രണ്ടര ടണ്‍ മല്‍സ്യം പിടികൂടി. തിരുവനന്തപുരം കോര്പ്പറേഷന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം ശ്രദ്ധയില്‍പ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു പരിശോധന. മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തെ ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ എത്തിക്കാന്‍ കൊണ്ടുവന്ന മത്സ്യമാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചു ലക്ഷത്തോളം രൂപ വിലമതിക്കുന്ന മത്സ്യം പിടികൂടിയത്.
അടുത്ത ദിവസങ്ങളിലായി തിരുവനന്തപുരത്തെ വിവിധ ഭാഗങ്ങളില്‍ ഫോര്‍മാലിന്‍ അടങ്ങിയ മത്സ്യം വില്‍ക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയത്. വണ്ടി പിടിച്ചെടുത്ത ആരോഗ്യവിഭാഗം തുടര്‍നടപടികള്‍ സ്വീകരിക്കും. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കുന്നത് അടക്കമുളള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കോര്പ്പറേഷന് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.