തിരുവനന്തപുരം: വീട്ടിലേക്ക് മടങ്ങുന്ന വഴി സംസ്ഥാന പോലീസ് മേധാവിയുടെ ഭാര്യ ഗതാഗത കുരുക്കിൽപ്പെട്ടതിന് നാലു അസിസ്റ്റന്റ് കമ്മീഷണർമാർക്കും രണ്ടു സർക്കിൾ ഇൻസ്പെക്ടർമാർക്കും അർധരാത്രി വരെ നിൽപ്പ് ശിക്ഷയും ശകാരവും ലഭിച്ചതായി റിപ്പോര്‍ട്ട്.
കഴക്കൂട്ടം ടെക്നോപാർക്കിലെ ഒരു സ്ഥാപനത്തിൽ എച്ച് ആര് വിഭാഗം മേധാവിയാണ് ഡിജിപി ലോകനാഥ് ബെഹ്റയുടെ ഭാര്യ. തിങ്കളാഴ്ച വൈകിട്ടാണ് വിവാദമായ സംഭവം.
ഗവർണറുടെ വാഹനം ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി ബൈപ്പാസിലും പേട്ട – ചാക്ക റോഡിലും പത്തുമിനിട്ടോളം വാഹനങ്ങള്‍ പോലീസ് തടഞ്ഞിരുന്നു. ഈ സമയം ഓഫിസില്‍ നിന്ന് കാറിൽ വരുകയായിരുന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഭാര്യയും കുരുക്കിൽപ്പെട്ടതായാണ് വിവരം.
സംഭവം അറിഞ്ഞ ഉടനെ തിരുവനന്തപുരം സിറ്റി പൊലീസിന്റെ ട്രാഫിക്ക് നോർത്ത് സോൺ അസിസ്റ്റന്റ് കമീഷണർ, സൗത്ത് സോൺ അസിസ്റ്റന്റ് കമ്മീഷണർ സിറ്റി പൊലീസിലെ തന്നെ മറ്റു രണ്ടു അസിസ്റ്റന്റ് കമ്മീഷണർമാർ രണ്ടു സർക്കിൾ ഇൻസ്പെക്ടർമാർ എന്നിവരോട് പൊലീസ് ആസ്ഥാനത്ത് എത്താൻ നിർദേശം നൽകുകയായിരുന്നു.
ഗതാഗത കുരുക്ക് പരിഹരിക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചത് എന്ന് ഇവരോട് ചോദിച്ച ഡിജിപി,പോലീസ് തന്നെ ഗതാഗത കുരുക്ക് ഉണ്ടാക്കുന്നത് എന്തിനാണെന്നും, ഗതാഗത കുരുക്ക് പരിഹരിക്കാൻ അറിയില്ലെങ്കിൽ ജോലി നിര്‍ത്തി പോകാനും ശാസിച്ചതായാണ് വിവരം.
പ്രോട്ടോകോൾ പ്രകാരം ആണ് വാഹനങ്ങൾ നിയന്ത്രിച്ചു ഗവർണറുടെ വാഹനം കടന്നു പോകാൻ വഴിയൊരുക്കിയത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും ഗതാഗത കുരുക്ക് ഉണ്ടാക്കിയത്തിന് അർധരാത്രി വരെ ആറു ഉദ്യോഗസ്ഥർക്കും ഡിജിപി നിൽപ് ശിക്ഷ നൽകിയതായി പറയുന്നു.
രാത്രിയിൽ സംഭവം അറിഞ്ഞ പൊലീസ് ഓഫീസർമാരുടെ സംഘടന നേതാക്കളും മറ്റും ഇടപെട്ട് അനുനയിപ്പിച്ച ശേഷമാണ് ആറു ഉദ്യോഗസ്ഥർക്കും ശിക്ഷയിൽ ഇളവ് ലഭിച്ചത്. ഉദ്യോഗസ്ഥർക്കെതിരെ ഇത്തരം നടപടി കൈക്കൊണ്ട സംസ്ഥാന പൊലീസ് മേധാവിയുടെ നീക്കത്തിനെതിരെ പൊലീസുകാർക്കിടയിൽ തന്നെ അമർഷം ഉയർന്നിട്ടുണ്ട്.
ഗവർണറുടെ വാഹനം കടന്നു പോകാൻ വഴിയൊരുക്കിയില്ലെങ്കില് വാഹനം ഗതാഗത കുരുക്കിൽപെടുകയും അത് പരിഹരിക്കാൻ ഉദ്യോഗസ്ഥർ കാര്യക്ഷമമായി നടപടി സ്വീകരിക്കാതെ കൃത്യവിലോപം നടത്തിയെന്ന് പരാതി ഉയരാനും സാധ്യതയുള്ളതിനാലാണ് ഗതാഗതം നിയന്ത്രിച്ചതെന്ന് പൊലീസുകാര്‍ പറയുന്നത്.