തലശ്ശേരി: സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ എൻ ഷംസീർ എംഎൽഎയ്ക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്.
പ്രതികളുടെയെല്ലാം ഫോൺ രേഖയും പരിശോധിച്ചിട്ടും ഷംസീറിന്റേത് മാത്രം ഇതുവരെ പരിശോധിക്കാനായില്ലെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് നസീർ പറഞ്ഞു.
തന്നെ വധിക്കാൻ ശ്രമിച്ച കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന നസീറിന്റെ ഹർജി പരിഗണിച്ചപ്പോഴാണ് പൊലീസ് അന്വേഷണ പുരോഗതി തലശ്ശേരി കോടതിയെ അറിയിച്ചത്.
ഷംഷീറിനെതിരായ ആരോപണം തെളിയിക്കാനുള്ള തെളിവുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ആരോപണ വിധേയരായ എ എൻ ഷംസീർ, സിപിഎം പ്രവർത്തകരായ ചെമ്പൂട്ടി സമീർ കൊച്ചു ബാബു എന്നിവരുടെ ഫോൺ വിശദാംശങ്ങൾക്കായി ഡിജിപി മുഖേന ബിഎസ്എൻഎല്ലിന് നൽകിയ അപേക്ഷയിൽ ഷംസീറിന്റേത് മാത്രം കിട്ടിയില്ല.