മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രമായിരിക്കും ഇത്തവണ സപ്ലൈകോ ഓണക്കിറ്റ് വിതരണം ചെയ്യുക. ഏതൊക്കെ സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തേണ്ടതെന്ന് ഉടൻ തീരുമാനിക്കും. സെപ്തംബർ ആദ്യവാരം മുതൽ സംസ്ഥാനത്ത് ഓണച്ചന്തകൾ ആരംഭിക്കും. സപ്ലൈകോ ഇതിനുള്ള തയ്യാറെടുപ്പ് തുടങ്ങി.
മുൻഗണന വിഭാഗത്തിലുള്ള 5,87,000 മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും ഓണക്കിറ്റ് നൽകാനാണ് സപ്ലൈകോ തീരുമാനം. ഇതിന് 35 കോടിയോളം രൂപ ചെലവ് വരുമെന്നാണ് സപ്ലൈകോ കണക്കാക്കുന്നത്. പിങ്ക് കാർഡ് ഉടമകൾക്കും മുൻഗണനേതര വിഭാഗങ്ങൾക്കും കിറ്റ് വിതരണം ചെയ്യാൻ സാമ്പത്തിക അവസരമില്ല.
കഴിഞ്ഞതവണ ഉണ്ടായത് പോലെയുള്ള പ്രതിസന്ധി ഇക്കുറി കിറ്റ് വിതരണത്തിൽ ഉണ്ടാകാതിരിക്കാനുള്ള നടപടികളും വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഓണച്ചന്തകൾ അടുത്തമാസം നാലാം തീയതിയോടെ തുടങ്ങും. 14 ജില്ലകളിലും താലൂക്കുകളിലും ഓണച്ചന്തകൾ നടക്കും. 13 അവശ്യ സാധനങ്ങളും ഓണച്ചന്തകൾ വഴി വിതരണം ചെയ്യും. നിലവിൽ ധനമന്ത്രാലയം അനുവദിച്ച 225 കോടി രൂപ കൊണ്ടാണ് ഒരുക്കങ്ങൾ ആരംഭിക്കുന്നത്.