മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
ജൻഡർ ജസ്റ്റിസ് വേണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ആവശ്യം. നൂറ്റാണ്ടുകളായി കുത്തക പോലെ ആൺ അധികാരം മലയാള സിനിമയിലുണ്ടെന്ന് റിപ്പോർട്ട്. 233 പേജുകളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ഉള്ളടക്കത്തിൽ ജണ്ടർ ജസ്റ്റിസ് ഉറപ്പാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും സിനിമാ രംഗത്ത് നിശബ്ദരാക്കപ്പെട്ടുവെന്നാണ് മറ്റൊരു വിമർശനം. മൊഴി നല്കാന് സാക്ഷികള്‍ തയ്യാറായത് ഭയത്തോടെയാണ്. അതിക്രമം കാട്ടിയ പലരും ഉന്നതരെന്ന് മൊഴി കിട്ടി. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പോലീസിനെ പരാതിയുമായി സമീപിക്കാൻ കഴിയാത്ത നിലയാണ്. അങ്ങനെ പരാതി നൽകിയാൽ പ്രത്യാഘാതം ഭീകരമെന്ന ഭീഷണിയാണ് ഉണ്ടാവുന്നത്. സോഷ്യല്‍ മീഡിയ ആക്രമണവും പരാതി നല്കാതിരിക്കാന് കാരണമാണ്. സ്ത്രീകളെ അശ്ലീല ഭാഷയിലൂടെ സൈബർ ആക്രമണത്തിന് വിധേയരാക്കുന്നുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
താരങ്ങളെ ബഹുമാനിക്കാത്തവരെ സിനിമാ മേഖലയിൽ നിന്നും വിലക്കുന്നുവെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തൽ. ആർത്തവ സമയത്ത് സ്ത്രീകൾ അടിസ്ഥാന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു.ശുചിമുറി പോലും ലഭിക്കുന്നില്ല. തങ്ങളെ വിലക്കിയെന്ന് പ്രമുഖ നടിമാർ പോലും മൊഴി നൽകി. കാര്യങ്ങൾ തുറന്ന് പറയുന്നവർക്ക് മോശം അനുഭവമാമെന്നും പലർക്കും ഭയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക ഉപദ്രവം തുറന്നു പറഞ്ഞാൽ തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.