ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിന്റ അന്വേഷണം നടത്താൻ സിബിഐ ഉദ്യോഗസ്ഥർ നാളെ മുണ്ടക്കയത്ത് എത്തും. ജസ്നയെ കണ്ടെന്ന വെളിപെടുത്തിലിൻ്റെ വസ്തുത പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ലോഡ്ജിൽ കണ്ടത് ജെസ്ന തന്നെ ആണോ, കാണാതായതിന് ഇവിടവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാകും പരിശോധിക്കുക. കാണാതാവുന്നതിന് മുൻപ് ജസ്നയുമായി രൂപസാദൃശമുള്ള പെൺകുട്ടി മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയതായാണ് ലോഡ്ജിലെ മുൻ ജീവനക്കാരിയായ മുണ്ടക്കയം സ്വദേശി ഇന്നലെ വെളിപ്പെടുത്തിയത്. ഇതിൽ വസ്തുത ഉണ്ടൊയെന്ന് പരിശോധിക്കുകയാണ് സിബിഐ അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം.
. ജസ്നയുടെ അവസാന സിസിടിവി ദൃശ്യം ലഭിക്കുന്നത് ഈ പ്രദേശത്ത് വെച്ചാണെന്നതിനാൽ നേരത്തെ പല തവണ ക്രൈംബ്രാഞ്ച് ഇവിടെ പരിശോധന നടത്തിയിരുന്നു. പത്തനംതിട്ട എസ്പി ഓഫീസിലേക്ക് വിളിച്ചു വരുത്തി തന്നെ ചോദ്യം ചെയ്തിരുന്നെന്നും ലോഡ്ജ് ഉടമ ബിജു സേവ്യർ പറഞ്ഞു.മുണ്ടക്കയം ബസ് സ്റ്റാന്റിന്റെ നേരേ എതിർ വശത്തുള്ള കെട്ടിടത്തിലാണ് ജസ്ന എത്തിയെന്ന് പറയപ്പെടുന്ന ലോഡ്ജ് പ്രവർത്തിക്കുന്നത്. റോഡരികിലുള്ള കടമുറികൾ ഇടയിലൂടെ കുറച്ച് അകത്തേക്ക് എത്തണം. പുതിയ വെളിപ്പെടുത്തൽ അന്വേഷണത്തെ വഴി തെറ്റിക്കാനാണെന്ന് ജസ്നയുടെ പിതാവും പ്രതികരിച്ചിരുന്നു. പുതിയ വെളിപെടുത്തൽ കൃത്യമായി പരിശോധിച്ച ശേഷം മാത്രമാകും സിബിഐയുടെ തുടർ നടപടികൾ ഉണ്ടാവുക.