പരീക്ഷയിൽ അറിയാത്ത ചോദ്യങ്ങൾക്ക് ഉത്തരമെഴുതാത്ത കുട്ടികളുണ്ട്. അറിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ എഴുതിവെക്കുന്നവരുമുണ്ട്. എന്നാൽ അറിയുന്ന കാര്യങ്ങളെ ബന്ധിപ്പിച്ച് ഉത്തരമെഴുതുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തിലൊരു ഉത്തരക്കടലാസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്.
പശുവിനെക്കുറിച്ച് വിവരിക്കുക എന്നാണ് ചോദ്യം. നാലാം ക്ലാസിലെ വിദ്യാർഥിയുടെ പേര് ബുക്കിൽ കാണാം. പശു ഒരു വളർത്തുമൃഗമാണ് എന്ന വാചകത്തിൽ തുടങ്ങി അമേരിക്കയിലെത്തി നിൽക്കുന്ന ഉത്തരം. കേരളത്തിൻ്റെ മുഖ്യമന്ത്രിയെക്കുറിച്ചും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെക്കുറിച്ചും ഈ വിരുതൻ എഴുതിയിട്ടുണ്ട്.
ഉത്തരത്തിനൊടുവിൽ വലിയ ടിക്ക് മാർക്കിനൊപ്പം ചുവന്ന മഷി കൊണ്ട് സർവ്വവിജ്ഞാനി എന്ന് എഴുതിയിരിക്കുന്നത് കാണാം. ഭാവിയുടെ വാഗ്ദാനം എന്ന ക്യാപ്ഷനോടെ നിരവധി പേർ ഈ ഉത്തരക്കടലാസ് ഷെയർ ചെയ്യുന്നുണ്ട്.
ഉത്തരം ഇങ്ങനെ: പശു ഒരു വളർത്തുമൃഗമാണ്. പശു പാൽ തരുന്നു. പശുവിനെ കെട്ടിടുന്നത് തെങ്ങിലാണ്. തെങ്ങ് ഒരു കൽപ്പനവൃക്ഷമാണ്. ധാരാളം തെങ്ങുകൾ ഉള്ളതിനാലാണ് കേരളത്തിന് ആ പേര് വന്നത്. കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയായത്. പ്രധാനമന്ത്രിയും തെരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റുവാണ്. നെഹ്റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത്. ഗാന്ധിജി ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്ക അമേരിക്കയുടെ കീഴിലായിരുന്നു. അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട്.