കൊച്ചി: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ മൊഴി നല്കാന് പോലീസ് നിര്‍ബന്ധിച്ചുവെന്ന് പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട മോന്സണ് മാവുങ്കല്‍ കോടതിയില്‍. ഭക്ഷണം നല്‍കിയില്ല, ഭക്ഷണവുമായെത്തിയ പൊലിസുകാരനെ ഭീക്ഷണിപ്പെടുത്തി, കഴിക്കാന്‍ എച്ചില് കൊടുത്താല്‍ മതിയെന്നും ഡിവൈഎസ്പി പറഞ്ഞതായി മോണ്സന് മാവുങ്കലിന്റെ അഭിഭാഷകന് പറഞ്ഞു.
നീ രാജാവിനെപ്പോലെ കഴിഞ്ഞതല്ലേ. രാജാവ് തോറ്റാല്‍ ഭാര്യയെയും മക്കളെയും ജയിച്ചയാള്‍ അടിമയാക്കുമെന്ന് ഡിവൈഎസ്പി റസ്തം പറഞ്ഞതായി മോണ്സന് കോടതിയില്‍ പറഞ്ഞു.
പുരാവസ്തു തട്ടിപ്പുകേസിലെ പരാതിക്കാരന് അനൂപില്‍ നിന്നും വാങ്ങിയ 25 ലക്ഷം സുധാകരന് നല്‍കാനാണെന്ന് പറയാന്‍ പോലീസ് പറഞ്ഞതായും മോന്സന് കോടതിയില്‍ ആരോപിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തിങ്കളാഴ്ച കേസ് പരിഗണിച്ചത്.
കെ. സുധാകരന്റെ പേര് പറയുന്നതിനായി അന്വേഷണ ഉദ്യാസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് മോന്‍സന്റെ ആരോപണം. പീഡനം നടന്ന സമയത്ത് കെ. സുധകരന് അവിടെ ഉണ്ടായിരുന്നു എന്ന് മൊഴി നല്കാന് പോക്സോ കേസിന്റെ അന്വേഷണത്തിനിടയില്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ട് വഴി എഴുതി നല്കാന് കോടതി നിര്‍ദേശിച്ചു. സുധാകരനെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ അതിന്റെ പ്രത്യാഖ്യാതം രൂക്ഷമായിരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും മോന്‍സന്റെ അഭിഭാഷകന് ശ്രീജിത്ത് വെളിപ്പെടുത്തി.
ലോകത്തെ ഏറ്റവുംവലിയ പുരാവസ്തുമ്യൂസിയം സ്ഥാപിക്കാനെന്നു വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി. ഷമീര്‍, യാക്കൂബ്, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോന്‍, തൃശ്ശൂര്‍ സ്വദേശി അനൂപ് അഹമ്മദ് എന്നിവര്‍ നല്കിയ പരാതിയിലാണ് മോന്‍സനെ 2021 സെപ്റ്റംബര്‍ 26-ന് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്.
25 ലക്ഷം രൂപ മോന്സന് കൈമാറുമ്പോള്‍ കെ. സുധാകരന് എം.പി. മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. മോന്സന് സുധാകരന് 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടതായി മോന്‍സനുമായി തെറ്റിയശേഷം അദ്ദേഹത്തിന്റെ ഡ്രൈവര്‍ അജിത്ത്, ജീവനക്കാരായ ജെയ്സണ്‍, ജോഷി എന്നിവര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. പരാതിക്കാര്‍ നല്കിയ പണത്തില്‍നിന്നുള്ളതാണ് ഇതെന്നാണ് ആരോപണം