പന്തീരാങ്കാവിലെ സ്ത്രീധന പീഡനക്കേസിൽ പുതിയ കണ്ടെത്തലുകൾ. കേസിലെ പ്രതിയായ യുവതിയുടെ ഭർത്താവ് രാഹുലിന്റെ കാറിൽ പൊലീസ് രക്തക്കറ കണ്ടെത്തി. ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തും.കാറിൽ വച്ചും പെണ്‍കുട്ടിക്ക് ക്രൂര മർദനമേറ്റതിന്റെ തെളിവാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കേസില്‍ രാഹുലിനെ സഹായിച്ച പൊലീസുകാരന് സസ്പെന്ഷന്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെതിരെയാണ് നടപടി.
ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി. ഇന്നലെ രാത്രിയോടെ തന്നെ ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു. പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അതില്‍ പറഞ്ഞ പല മൊഴികളും എഫ്ഐആറില്‍ പറയുന്നില്ലന്നും സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതിയായ രാഹുലിന്റെ തോളത്ത് പൊലീസ് കൈയിട്ട് നില്ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്നും യുവതി പറഞ്ഞിരുന്നു.