ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് ആശ വര്‍ക്കേഴ്‌സ് അറിയിച്ചു. യാഥാര്‍ത്ഥ്യബോധ്യത്തോടെ ആശമാര്‍ പെരുമാറണമെന്ന് ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി പറഞ്ഞു. ഓണറേറിയം ഒരു രൂപ പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞെന്ന് ആശാ വര്‍ക്കേഴ്‌സ് പറഞ്ഞു.
ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.ഓണറേറിയം വര്‍ധിപ്പിക്കണം എന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും എന്നാല്‍ ഒറ്റയടിക്ക് മൂന്ന് ഇരട്ടി തുക കൂട്ടി നല്‍കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. ജനാധിപത്യപരമായ സമീപനം വേണമെന്ന് സമരക്കാരോട് അഭ്യര്‍ത്ഥിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഉച്ചയ്ക്ക് സ്റ്റേറ്റ് മിഷന്‍ ഡയറക്ടറുടെ നേതൃത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമായില്ല. തുടര്‍ന്ന് മന്ത്രിയോട് ചര്‍ച്ച ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. രണ്ടാം തവണയാണ് അവരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത് – മന്ത്രി വ്യക്തമാക്കി.