മലപ്പുറം : തിരൂരില്‍ 9 വര്‍ഷത്തിനിടെ ഒരു വീട്ടിലെ ആറ് കുട്ടികള്‍ മരിച്ചതിന് പിന്നില്‍ സിഡ്സ് എന്ന അപൂര്‍വ്വ ജനിതകരോഗമെന്ന് സംശയം. കുട്ടികളെ ആദ്യം ചികില്‍സിച്ച തിരൂരിലെ ശിശുരോഗവിദഗ്ധന് ഡോ. നൗഷാദാണ് ഈ സംശയം പ്രകടിപ്പിച്ചത്. തറമ്മല്‍ റഫീഖ്- സബ്ന ദമ്ബതികളുടെ മക്കളാണ് ദുരൂഹരോഗം ബാധിച്ച് മരിച്ചത്. 93 ദിവസം പ്രായമുള്ള ആണ്‍കുട്ടി കഴിഞ്ഞദിവസം മരിച്ചതോടെയാണ് ഈ സംഭവം പൊതുശ്രദ്ധയിലേക്ക് വന്നത്.
രണ്ടു കുട്ടികള്‍ സമാന സാഹചര്യത്തില്‍ മരിച്ചതിനെത്തുടര്‍ന്നാണ് റഫീഖും സബ്നയും തന്നെ തേടിയെത്തുന്നത്. തുടര്‍ന്ന് മൂന്നാമത്തെ കുട്ടിയെ മുതല്‍ താന്‍ പരിശോധിച്ചിരുന്നു. സിഡ്സ് എന്ന രോഗമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കുട്ടികള്‍ക്ക് മറ്റ് പ്രശ്നങ്ങളൊന്നും പരിശോധനയില്‍ കണ്ടിരുന്നില്ല. സിഡ്സ് ആണോ എന്നതു സംബന്ധിച്ച് വിദഗ്ധ പരിശോധനയ്ക്ക് സൗകര്യം ഇല്ലാത്തതിനാല്‍ താന്‍ ഇവരെ അമൃത ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
ആ കുട്ടിയും പിന്നീട് മരിച്ചു. ഈ കുട്ടിയെ പോസ്റ്റ് മോര്‍ട്ടം ചെയ്തിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. കുട്ടിയുടെ സ്പെസിമെന്‍ ഹൈദരാബാദില്‍ അയച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുട്ടികളുടെ മരണകാരണം കണ്ടെത്താന്‍ ഓരോ കുട്ടികളുടെയും രക്തപരിശോധന പ്രത്യേകം പ്രത്യേകം നടത്തേണ്ടതാണ് എന്നും ഡോക്ടര്‍ പറഞ്ഞു.
ഈ രോഗബാധയുള്ള കുട്ടികള്‍ ഒരു വര്‍ഷത്തിനകം മരിക്കാനാണ് സാധ്യത. കുട്ടികള്‍ക്ക് പെട്ടെന്ന് ഛര്‍ദിയോ അസ്വസ്ഥതയോ അനുഭവപ്പെടുകയും മരിക്കുകയുമാണ് ചെയ്യുന്നത്. ഒരു കുട്ടി നാലര വയസ്സുവരെ ജീവിച്ചു എന്നത് അത്ഭുതകരമാണെന്നും ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞദിവസം മരിച്ച കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.
സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം എന്നതാണ് സിഡ്സ് എന്നതിന്റെ പൂര്‍ണരൂപം. ശിശുക്കളില്‍ ഉറക്കത്തില്‍ ഓക്സിജന്‍ ലഭ്യത കുറയുന്നതാണ് മരണ കാരണമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഇതേത്തുടര്‍ന്ന് ശരീരത്തില്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് നിറയുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. ഇത്തരം രോഗബാധയുള്ള കുട്ടികള്‍ക്ക് രണ്ടു മുതല്‍ മൂന്നുമാസം വരെയുള്ള പ്രായമാണ് ഏറെ അപകടം പിടിച്ചതെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞദിവസം മരിച്ച കുട്ടിയുടെ ആന്തരികാവയവങ്ങള്‍ ഫൊറന്‍സിക്-ശാസ്ത്രീയ പരിശോധനകള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് നാലു ദിവസത്തിനകം ലഭിക്കുമെന്നാണ് പൊലീസ് അധികൃതര്‍ സൂചിപ്പിക്കുന്നത്. ഈ റിപ്പോര്‍ട്ട് കൂടി ലഭിക്കുന്നതോടെ കുട്ടികളുടെ മരണത്തിലെ ദുരൂഹത നീക്കാനാകുമെന്നും പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു.