തിരുവനന്തപുരം മതാടിസ്ഥാനത്തില്‍ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന് കെ.ഗോപാലകൃഷ്ണനെതിരെയുള്ള അന്വേഷണം അട്ടിമറിച്ചു. പരാതി ലഭിച്ചിട്ട് ഒരാഴ്ചയായെങ്കിലും പൊലീസിന് അനക്കമില്ല. ഗ്രൂപ്പുണ്ടാക്കിയത് ഗോപാലകൃഷ്ണന് തന്നെയാണെന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും
ഉന്നതതല മനിര്ദേശ പ്രകാരമാണ് നിയമോപദേശം ലഭിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് കേസെടുക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നത്.
ഗോപാലകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടം നല്കിയ പരാതി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡിജിപി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു കൈമാറിയത്. കേസെടുക്കുന്നതു സംബന്ധിച്ച നിയമോപദേശത്തിനായി പരാതി കൈമാറിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.
വ്യവസായ- വാണിജ്യ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെ, മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതിനു സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. കുറ്റം ചുമത്താനാവശ്യമായ തെളിവുകളില്ലെന്നാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
തന്റെ ഫോണ്‍ ഹാക്ക് ചെയ്തവരാണു വിവാദ ഗ്രൂപ്പുകളുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി കളവാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഫോണില്‍ ഹാക്കിങ് നടന്നിട്ടില്ലെന്ന് വാട്സാപ്പിന്റെ മാതൃസ്ഥാപനമായ മെറ്റ പൊലീസിനെ അറിയിച്ചിരുന്നു. ഫൊറന്‍സിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചു.
ഹാക്കിങ് നടന്നിട്ടില്ലെന്ന് ഉറപ്പിച്ചെങ്കിലും, പരിശോധനയ്ക്കായി കൈമാറുംമുന്പ് ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് വിവരങ്ങളെല്ലാം ഗോപാലകൃഷ്ണന് നീക്കിയതിനാല്‍ ഗ്രൂപ്പുണ്ടാക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കാനാവില്ലെന്ന നിലപാടിലാണു പൊലീസ്.