അയ്യപ്പന് വേണ്ടി ഒരായുസ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതതിന് ശേഷം പൊലീസ് പുറത്തേക്ക് എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആചാരലംഘനത്തിനിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനുള്ള പ്രതികാരമാണ് ഈ അറസ്റ്റ്. രാഷ്ട്രീയ പ്രേരിതമാണ് ഈ നടപടികള്‍. പൊലീസിനെ കൊണ്ട് സിപിഎം ചെയ്യിക്കുന്നതാണ് ഇതെല്ലാം. ജയിലില്‍ പോകുന്നതിന് യാതൊരു മടിയുമില്ല. ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് ഞാന്‍ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.പൊലീസ് മര്‍ദിച്ചതിന്റെ ലക്ഷണമാണല്ലോ ഇതെല്ലാമെന്ന് തന്റെ ശരീരം കാണിച്ച് സുരേന്ദ്രന് ചോദിച്ചു.
പവിത്രമായ ഇരുമുടിക്കെട്ട് ജയിലില്‍ സൂക്ഷിക്കാനും രണ്ട് നേരം പ്രാര്‍ഥന നടത്താനുമുള്ള അനുമതി നല്‍കിട്ടുണ്ടെന്നും സുരേന്ദ്രന് പറഞ്ഞു. നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ ഇന്ന് രാവിലെയാണ് മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയത്.ഇന്നലെ വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെതിരെ പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.