എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. അഡ്വ. വി വിശ്വന് മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ക്ഷണമില്ലാതെയാണ് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതെന്ന വാദം തെറ്റാണെന്നാണ് ദിവ്യയുടെ മൊഴി. ഒരു കലക്ടറാണ് അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് ആരോപണം. യാത്രയയപ്പ് ദിവസം രാവിലെ ഒരു ഔദ്യോഗിക പരിപാടിയില്‍ വച്ച് കലക്ടര്‍ ആണ് തന്നെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചത്. മൂന്നുമണിക്ക് ആയിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക പരിപാടികളുടെ തിരക്കിലായതിനാൽ കൃത്യസമയത്ത് എത്തിയില്ല. ഡെപ്യൂട്ടി കളക്ടർ ശ്രുതിയെ യോഗത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചു. യാത്രയപ്പ് യോഗത്തിലെ പരാമര്‍ശങ്ങള്‍ സദുദ്ദേശപരം. നവീന്‍ കുമാറിന് കൈക്കൂലി കൊടുത്തു എന്ന് പ്രശാന്ത് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട് . നേരത്തെ ഗംഗാധരന് എന്ന ഒരാളും ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നു. ഫയലുകള്‍ വെച്ച് താമസിപ്പിക്കുന്നു എന്ന പരാതി എഡി എമ്മിനെതിരെ ഉണ്ട്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി എന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കും. പ്രായമായ മാതാപിതാക്കളും ഭര്‍ത്താവും ഒരു പെണ്‍കുട്ടിയും ഉണ്ട്. അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം അനുവദിക്കണം – ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കി.