വയനാട്: വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ പുത്തുമലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്തി. ദുരന്തബാധിതരായ 103 കുടുംബങ്ങളെ ഒരുമിച്ച് മാറ്റി പാർപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമിക്കാന്‍ പുത്തുമലയില്‍ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള കള്ളാടിയിലണ് നിർദിഷ്ട ഭൂമി.
പ്രദേശവാസികളെ ഒരുമിച്ച് പുനരധിവസിപ്പിക്കാന്‍ ദുരന്തസാധ്യതയില്ലാത്ത ഭൂമി കണ്ടെത്തുകയെന്നതായിരുന്നു പ്രധാന കടമ്പ. കള്ളാടിയിലെ ഭൂമി ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം പരിശോധന നടത്തി വാസയോഗ്യമാണെന്നുറപ്പുവരുത്തിയിട്ടുണ്ട്. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് ഭൂമി വാങ്ങുന്നത്. 103 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിതാമസിപ്പിക്കേണ്ടത്. ഇതില്‍ കുറച്ചുപേർ മറ്റ് സ്ഥലങ്ങളിലേക്ക് മാറാന്‍ താല്പര്യം അറിയിച്ചിട്ടുണ്ട്. അവർക്ക് പകരം പുത്തുമല ചൂരല്‍മല പ്രദേശങ്ങളിലെ മറ്റു കുടുംബങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തും.