എറണാകുളം : മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ വിചാരണ നടപടികൾ ഹൈക്കോടതി ആറുമാസത്തേക്ക് സ്റ്റേ ചെയ്തു. വിചാരണയ്ക്കായി മോഹൻലാലിനോട് അടുത്തമാസം കോടതിയിൽ നേരിട്ടു ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. ഇതിലുള്ള തുടർനടപടികളാണ് കോടതി സ്റ്റേ ചെയ്തത്.
കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതികൾ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞമാസം പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു.
കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ അപേക്ഷയും കോടതി തള്ളിയിരുന്നു. ആവശ്യം പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നായിരുന്നു അന്ന് കോടതി വിലയിരുത്തിയത്. മോഹൻലാലിന്റെ എറണാകുളത്തെ വീട്ടിൽ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ൽ ആദായനികതി വകുപ്പാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു.
കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞവർഷം പെരുമ്പാവൂർ കോടതിയിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രത്തിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ഈ സാഹചര്യത്തിൽ വനംവകുപ്പ് തനിക്കെതിരേ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കില്ലെന്നും മോഹൻലാൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. കൂടാതെ ഈ ഒരു സംഭവത്തിലൂടെ പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്നും മോഹൻലാൽ സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു.
മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിന് ശേഷം കേസിൽ മോഹൻലാലിനെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം സമർപ്പിച്ചു. എന്നാൽ മുൻപ് മൂന്ന് പ്രാവശ്യം മോഹൻലാലിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന് ശേഷം 2012- ലാണ് വനം വകുപ്പ് മോഹൻലാലിനെ പ്രതിയാക്കി അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് കേസെടുത്തത്.
അന്വേഷണത്തിനൊടുവിൽ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഈ കേസ് വരുന്നില്ലെന്നു കണ്ട് കേസ് പിൻവലിച്ചു. ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത കൊമ്പുകൾ തിരിച്ചു നൽകുകയും ചെയ്തു. തുടർന്ന് കൊമ്പ് സൂക്ഷിക്കാൻ ലാലിന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അനുമതിയും നൽകി.
ഇതിനെ ചോദ്യം ചെയ്ത് എറണാകുളം സ്വദേശിയായ പി.പി. പൗലോസ് നൽകിയ കേസിൽ താരത്തിന് സമൻസയച്ചിരുന്നു. പ്രതികളിലൊരാളായ കൃഷ്ണകുമാറിന്റെ ‘കൃഷ്ണൻകുട്ടി’ എന്ന ആന ചരിഞ്ഞപ്പോൾ ആ കൊമ്പ് മോഹൻലാലിന് നൽകിയതാണെന്നും കൊമ്പുകൾ കാട്ടാനയുടേതല്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം.