പത്തനംതിട്ട കലഞ്ഞൂരില്‍ യുവതിയെ വീട്ടില്‍ കയറി കൈവെട്ടിയ സംഭവത്തില്‍ ഭര്‍ത്താവ് സന്തോഷ് പിടിയില്‍. അടൂരില്‍ നിന്നാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിലാണ് ഇയാള്‍ ഭാര്യയെ വീട്ടില്‍ കയറി വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്.
ചാവടിമല സ്വദേശി വിദ്യയെയാണ് ഭര്‍ത്താവ് സന്തോഷ് വെട്ടിയത്. ആക്രമണത്തില്‍ വിദ്യയുടെ രണ്ട് കൈകള്‍ക്കും ആഴത്തില്‍ മുറിവേറ്റു. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന ഏലക്കുളം സ്വദേശിയായ ഭര്‍ത്താവ് വിദ്യയുടെ വീട്ടില്‍ എത്തിയാണ് ആക്രമണം നടത്തിയത്.
രാത്രി ഒമ്പതരയോടെയാണ് അക്രമം. കൈപ്പത്തി അറ്റ് തൂങ്ങിയ നിലയില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോയി. തടയാന്‍ ശ്രമിച്ച വിദ്യയുടെ അച്ഛന് വിജയനും പരുക്കുണ്ട്. വടിവാള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. നിലവിളി കേട്ട് അയല്‍ വാസികള്‍ എത്തിയതോടെ സന്തോഷ് വീട്ടില്‍ നിന്നും ഇറങ്ങിയോടി.
കഴിഞ്ഞ കുറെ നാളുകളായി വിദ്യയും സന്തോഷും വേര്‍പിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്. സംഭവത്തില്‍ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കൂടല്‍ പൊലീസ് അന്വേഷണം തുടങ്ങി.