സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനവും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ് അയച്ചു.കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന്റെ റിവിഷന്‍ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. കേസിലെ സ്വഭാവിക നടപടി മാത്രമാണിതെന്ന് മാത്യു കുഴല്‍ നാടൻ പ്രതികരിച്ചു.മുഖ്യമന്ത്രിക്കും മകൾക്കും പറയാനുള്ളത് കോടതി കേൾക്കും. അതിന്റെ അടിസ്ഥാനത്തിലാകും കൂടുതൽ നടപടി. കേസിൽ ആത്മവിശ്വാസ കുറവില്ല.തുടർ നടപടികൾക്കായി കാത്തിരിക്കുന്നുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മാത്യൂ കുഴല്നാടന് പുറമെ, പൊതുപ്രവര്ത്തകന് ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയും പരിഗണനയിലുണ്ട്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂകുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ വീണ തൈക്കണ്ടിയില്‍, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, വികെ ഇബ്രാഹിംകുഞ്ഞ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ജി ഗിരീഷ് ബാബുവിന്റെ ഹര്‍ജിയിലെ ആവശ്യം.