യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ് നീക്കം ചെയ്തത്. ആവേശം സ്റ്റൈലിൽ കാറിൽ സ്വമിംഗ് പൂൾ നിർമിച്ച് നിരത്തിൽ വാഹനമോടിച്ചതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് സഞ്ജു ടെക്കിയുടെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം റദ്ദാക്കിയിരുന്നു. നിയംലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷനും ഒരു വർഷത്തേക്ക് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബിന്റെ നടപടി.
തുടർച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു. പൊതുസമൂഹത്തിന്റെ എല്ലാ മര്യാദകളും സഞ്ജു ലംഘിച്ചു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടർന്നും വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും ഉത്തരവിൽ പറയുന്നു. ഇതിന് പിന്നാലെ എടപ്പാളിലുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ ക്ലാസിലും ആശുപത്രി സേവനം ഉള്‍പ്പെടെയുള്ളവയ്ക്ക് സഞ്ജുവിനെ മോട്ടോര്‍ വാഹനവകുപ്പ് അയച്ചിരുന്നു. പണക്കൊഴുപ്പും അഹങ്കാരവുമാണ് ഇക്കാര്യത്തിൽ സഞ്ജു ടെക്കിക്ക് എന്നായിരുന്നു ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പ്രതികരണം.