കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി യുഡിഎഫിലേക്ക് തിരിച്ചുവരണമെന്ന വീക്ഷണം മുഖപ്രസംഗത്തിനെതിരെ പാർട്ടി മുഖപത്രം ‘പ്രതിച്ഛായ’യിൽ മുഖപ്രസംഗം. മുങ്ങുന്ന കപ്പലിൽ ലൈഫ് ബോട്ടും പ്രതീക്ഷിച്ചു കഴിയുന്ന കപ്പൽ ജീവനക്കാരനെ പോലെയാണ് വീക്ഷണം എന്നാണ് പ്രതിച്ഛായയുടെ പരിഹാസം. കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തെ വിഷ വീക്ഷണം എന്ന് വിളിച്ചാണ് മുഖപ്രസംഗം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മാണി സാറിനോട് കോൺഗ്രസ് കാട്ടിയ നെറികേട് അദ്ദേഹം ആത്മകഥയിൽ എഴുതിയിട്ടുണ്ട്. യുഡിഎഫ് മാണി ഗ്രൂപ്പിനെ ചതിച്ചു പുറത്താക്കുകയായിരുന്നു. കേരള കോൺഗ്രസ് എം അജയ്യ രാഷ്ട്രീയ ശക്തി ആയതിന്റെ വേവലാതിയാണ് മുഖപ്രസംഗത്തിന് പിന്നിലെന്നും പ്രതിച്ഛായ വിശദമാക്കുന്നു. കേരള കോൺഗ്രസ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് മടങ്ങണം എന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് മുഖപത്രം ആവശ്യപ്പെട്ടത്.ജോസ് കെ മാണി സിപിഐഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത് എന്നും യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നുമായിരുന്നു വീക്ഷണം മുഖപ്രസംഗം.കോൺഗ്രസിനേപ്പോലെ ഘടക കക്ഷികള കരുതാൻ സിപിഎം തയ്യാറാകില്ലെന്ന മുന്നറിയിപ്പും വീക്ഷണം നൽകിയിരുന്നു. ജോസ് കെ മാണിയെ വിമർശിച്ചും കെ എം മാണിയെ പുകഴ്ത്തിയുമാണ് വീക്ഷണം മുഖപ്രസംഗം.നാല് പതിറ്റാണ്ടിലേറെ കാലം തിരുവിതാംകൂറിലെ കർഷകർക്ക് അവകാശബോധത്തിന്റെയും സംഘബോധത്തിന്റേയും സൂക്തങ്ങളും പ്രയോഗങ്ങളും പഠിപ്പിച്ച കെ എം മാണിയുടെ മകന് രാഷ്ട്രീയത്തിൽ കർഷക രാഷ്ട്രീയത്തിന്റെ നഴ്സറി പാഠങ്ങൾ പോലും വശമില്ലെന്നും വീക്ഷണത്തിലെ ലേഖനം കുറ്റപ്പെടുത്തിയിരുന്നു.