ന്യൂഡല്‍ഹി: എസ്.എന്‍. കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിലെ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. വിചാരണ തുടരാമെന്നുള്ള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് ആണ് സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്.
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് മേയ് 20-ന് നേരിട്ട് ഹാജരാകാന്‍ കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എഫ്. മിനിമോള്‍ ഉത്തരവിട്ടിരുന്നു. സ്റ്റേ ഉത്തരവോടെ വെള്ളാപ്പള്ളിക്ക് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകേണ്ടി വരില്ല.
1998-99-ല്‍ കൊല്ലം എസ്.എന്‍ കോളജ് സുവര്‍ണ ജൂബിലി ആഘോഷ ഭാഗമായി പൊതുജനങ്ങളില്‍ പിരിച്ച പണത്തില്‍ 55 ലക്ഷം രൂപ എസ്.എന്‍. ട്രസ്റ്റിലേക്ക് സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന് മാറ്റിയതായാണ് കേസ്. കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി 2020-ല്‍ കുറ്റപത്രം ഫയല്‍ ചെയ്തിരുന്നു. കേസില്‍ തുടരന്വേഷണം നടത്താന്‍ കൊല്ലം സി.ജെ.എം. കോടതി ഉത്തരവിട്ടെങ്കിലും കഴിഞ്ഞ മാസം ഹൈക്കോടതി അത് റദ്ദ് ചെയ്ത് പ്രതി വിചാരണ നേരിടണമെന്ന് വിധിച്ചു. കേസ് തുടരേണ്ടതില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.