തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് എംഎല്‍എമാരായിരുന്ന ഇ എസ് ബിജിമോള്‍, ഗീതാ ഗോപി എന്നിവര്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. രണ്ട് ഹര്‍ജികളാണ് ഇരുവരും സമര്‍പ്പിച്ചിരിക്കുന്നത്.കുറ്റപത്രത്തില്‍ അപാകതകള്‍ ഉണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്ന് ഈ അടുത്ത കാലത്താണ് അറിഞ്ഞതെന്നാണ് ഇവര്‍ പറയുന്നത്. അതിനാല്‍ ഇപ്പോഴാണ് കുറ്റപത്രം വായിക്കാന്‍ സാധിച്ചത്. അപ്പോഴാണ് കുറ്റപത്രത്തിലെ അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും അവര്‍ പറയുന്നു.
നിയമസഭയിലെ കയ്യാങ്കളിക്കിടെ ഭരണപക്ഷ എംഎല്‍എമാരുടെ ആക്രമണത്തില്‍ നിന്ന് പരുക്കേറ്റിരുന്നുവെന്ന് ഹര്‍ജിക്കാരായ മുന്‍ എംഎല്‍മാര്‍ ആരോപിച്ചു. എന്നാല്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിട്ടും അന്വേഷണമുണ്ടായിട്ടില്ല. ഇതിന്റെ ചികിത്സാരേഖകള്‍ കുറ്റപത്രത്തിലുണ്ട്. എന്നാല്‍ കേസില്‍ മൊഴിയെടുക്കുകയോ തങ്ങളെ സാക്ഷിയാക്കുകയോ ചെയ്തിട്ടില്ലെന്നും ഇരുവരും ഹര്‍ജിയില്‍ ആരോപിച്ചു. ഹര്‍ജി ഈ മാസം 29ന് പരിഗണിക്കും.