കണ്ണൂര്‍: അടയ്ക്കാത്തോട് മേഖലയില്‍ ഇറങ്ങിയ കടുവയെ ഇനിയും പിടികൂടാനായില്ല. ഞായറാഴ്ച പകല്‍ മുഴുവൻ പ്രദേശത്തെ റബർ തോട്ടത്തിലെ ചതുപ്പില്‍ കിടന്ന കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ആയിരുന്നു തീരുമാനം.
ഇതനുസരിച്ച് കാസർഗോഡുനിന്നു വെടിവയ്ക്കാൻ ആളെത്തിയെങ്കിലും ഇരുട്ട് വീണതോടെ കടുവ രക്ഷപ്പെടുകയായിരുന്നു. കടുവ രക്ഷപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാര്‍ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധമറിയിച്ചു.
കടുവയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തില്‍ പ്രദേശത്ത് ഇന്നും നിരോധനാജ്ഞ തുടരുകയാണ്. ഒരാഴ്ചയായി ജനവാസമേഖലയില്‍ കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. പ്രായമേറിയ കടുവയുടെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടെന്നാണ് സൂചന. ഇതാകാം കാട് കയറാതെ കടുവ നാട്ടില്‍ തന്നെ തുടരുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.