നടിയെ ആക്രമിച്ച് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ സുനിയെ ജയിലില്‍ സന്ദര്‍ശിച്ചു. സുനി മാനസിക ബുദ്ധിമുട്ടിലാണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇത്. മുന്‍പൊരിക്കലും മകനെ ഈ രീതിയില്‍ കണ്ടിട്ടില്ലെന്നും അമ്മ ശോഭന പറഞ്ഞു. എറണാകുളം സബ് ജയിലിലെത്തി സുനിയെ കണ്ട ശേഷമാണ് ശോഭനയുടെ പ്രതികരണം.
അമ്മയുടെ വാക്കുകള്‍: ‘മാനസികമായി ബുദ്ധിമുട്ടിലാണ് അവന്. ഭയങ്കര ക്ഷീണമാണ്. ഞാന്‍ ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല. കേസിനെ കുറിച്ച് ഒന്നും ചോദിക്കല്ലേ അമ്മേ. ഞാന്‍ പറഞ്ഞാലും ഒരു കര്യവും ഇല്ല. ഇത് തന്നെ പുറത്ത് വരട്ടെ. അധികം സംസാരിക്കരുതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അമ്മയെ ഞാന്‍ ഇനി ഇടയ്ക്കേ വിളിക്കൂ’-
കുറ്റകൃത്യം ചെയ്യേണ്ടി വന്നപ്പോള്‍ മുതല്‍ പള്‍സര്‍ സുനിക്ക് പേടിയുണ്ടെന്ന് അമ്മ പറയുന്നു. ദിലീപിന്റെ പേര് പറഞ്ഞതു കൊണ്ടാണ് ഇത്രയധികം പ്രശ്നങ്ങളുണ്ടായതെന്ന് സുനി പറഞ്ഞതായും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെയും പള്‍സര്‍ സുനിയുടെ കത്ത് പുറത്തു വന്നതിന്റെയും അടിസ്ഥാനത്തില്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തും. സുനിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്.
അതേസമയം, പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തില്ല. ആലുവ മജിസ്ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്.
തന്റെ ജീവന് അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞിരുന്നു. 2018 മെയ് മാസത്തില്‍ അമ്മയ്ക്കെഴുതിയ കത്തിലാണ് സുനി ഇക്കാര്യം പറഞ്ഞത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു.
പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകന് പറഞ്ഞതായും അവര്‍ വെളുപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുക്കാന്‍ പൊലീസ് നടപടി ആരംഭിച്ചത്.