തിരുവനന്തപുരം: പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനസര്‍ക്കാര്‍ നടപടിയെ അടക്കം തുടര്‍ച്ചയായി വിമര്‍ശിച്ച് രംഗത്തെത്തിയ കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം മുഖപത്രം ദേശാഭിമാനി. പദവിയുടെ വലിപ്പം തിരിച്ചറിയാത്ത വിധത്തിലുള്ള രാഷ്ട്രീയ പ്രസ്താവനകളാണ് ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നത്. സുപ്രീംകോടതിയില്‍ സ്യൂട്ട് ഹര്‍ജി നല്‍കുന്നതിന് ഗവര്‍ണറുടെ അനുമതി വേണമെന്ന് എവിടെയും പറയുന്നില്ല. ഗവര്‍ണര്‍ വ്യക്തിപരമായി ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കേണ്ടതെന്നും ദേശാഭിമാനി വിമര്‍ശിക്കുന്നു.
എല്ലാ തീരുമാനങ്ങളും ഗവര്‍ണറെ അറിയിക്കണമെന്ന് ഭരണഘടനയിലില്ല. രാഷ്ട്രീയക്കാരന്റെ കുപ്പായമഴിച്ചുവെച്ച് സ്വതന്ത്രമായ ഗവര്‍ണര്‍ പദവിയിലേക്ക് അദ്ദേഹം മാറേണ്ടതുണ്ട്. ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം മനസിലാക്കാതെ സംസ്ഥാനത്തിന്റെ തീരുമാനങ്ങളെല്ലാം താനാണ് എടുക്കേണ്ടതെന്ന് അദ്ദേഹം തെറ്റിധരിച്ചു- മുഖപ്രസംഗം വ്യക്തമാക്കുന്നു. ഗവര്‍ണരുടെ നടപടികളെ വിമര്‍ശിച്ച് സിപിഎം നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെപോലയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ് ദേശാഭിമാനിയിലെ ലേഖനം.