കോര്പ്പറേഷന് കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രനെതിരായ പ്രതിഷേധം തലസ്ഥാനത്ത് ഇന്നും സംഘര്‍ഷത്തില്‍ കലാശിച്ചു. നഗരസഭയിലേക്ക് ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസും പ്രവര്‍ത്തരും നേര്‍ക്കുനേരെയെത്തിയതോടെ തിരുവനന്തപുരം നഗരസഭാ പരിസരം യുദ്ധക്കളമായി. കല്ലേറില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
മാര്‍ച്ചിനിടെ പൊലീസിന് നേരെ പിറകില്‍ നിന്നും കല്ലേറുണ്ടായി. പിന്നാലെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി. ഇടയില്‍ ടിയര്‍ ഗ്യാസും പ്രയോഗിച്ചു. യൂണിവേഴ്സിറ്റി ഹോസ്റ്റലിന് പരിസരത്ത് നിന്നാണ് കല്ലേറുണ്ടായതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ഹോസ്റ്റലിനുള്ളിലെ എസ് എഫ്ഐ പ്രവര്‍ത്തകരാണ് കല്ലേറിന് പിന്നിലെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. കല്ലേറുണ്ടായതോടെ ഹോസ്റ്റലിനുള്ളിലേക്ക് തള്ളി കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസിടപെട്ട് പിന്തിരിപ്പിച്ചതോടെയാണ് വലിയ സംഘര്‍ഷം ഒഴിവായത്.