കരുതല്‍ തടങ്കലിലുളള ശശികലയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നൂറുകണക്കിന് ആളുകള്‍ റാന്നി സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. റാന്നി പോലീസ് സ്റ്റേഷനില്‍ ശശികല ഉപവാസസമരത്തിലാണ്. സംഘര്‍ഷഭരിതമായി ക്കൊണ്ടിരിക്കുകയാണ്. ശബരിമല കയറാനാവാതെ തൃപ്തി ദേശായി മടങ്ങിയതോടെ സംഘര്‍ഷ സാധ്യതയൊഴിഞ്ഞു എന്നാശ്വസിച്ച കേരളത്തിന് മുന്നിലേക്കാണ് ശശികലയും അറസ്റ്റും തുടര്‍ന്നുളള ഹര്‍ത്താലും. ഇക്കഴിഞ്ഞ ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്ന ആറാം തിയ്യതി ഇരുമുടിക്കെട്ടുമായി ശബരിമലയിലെത്തിയ ശശികല വെള്ളിയാഴ്ച രാത്രിയും മല കയറാനെത്തി.
രാത്രി എട്ട് മണിയോടെ മൂന്ന് സ്ത്രീകള്‍ക്കൊപ്പമായിരുന്നു ശശികല മരക്കൂട്ടത്ത് എത്തിയത്. എന്നാല്‍ സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരെ പോലീസ് തടഞ്ഞു, തിരിച്ച് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാകാതിരുന്ന ശശികല അഞ്ച് മണിക്കൂറോളമാണ് മരക്കൂട്ടത്ത് തന്നെ തങ്ങിയത്. പിന്മാറാന് തയ്യാറാകാതിരുന്നതോടെയാണ് കരുതല്‍ തടങ്കല്‍ എന്ന നിലയ്ക്ക് പോലീസ് അറസ്റ്റിലേക്ക് കടന്നത്.നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്തത് എന്ന് ശശികല ആരോപിക്കുന്നു. പത്ത് മണിക്ക് ശേഷം ശബരിമലയില്‍ കിടക്കാന്‍ പാടില്ല എന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് ശശികല ചോദിച്ചു.
പിണറായി വിജയന്റെ തലയിലോ എകെജി സെന്ററിലോ നെയ്യഭിഷേകം നടത്താനാകുമോ എന്നും ശശികല ചോദിക്കുന്നു. റാന്നി സ്റ്റേഷനില്‍ ശശികല ഉപവാസ സമരത്തിലാണുളളത്. ഇത്തരം പോലീസി നടപടികളില്‍ ഭയപ്പെടുന്നില്ലെന്നും ഇനി മടങ്ങിപ്പോകുന്നത് ശബരിമലയില്‍ ദര്‍ശനം നടത്തി, അയ്യപ്പന് നെയ്യഭിഷേകം നടത്തിയിട്ട് മാത്രമാകുമെന്നും ശശികല പ്രതികരിച്ചു.സ്ത്രീകള്‍ അടക്കമുളള രണ്ടായിരത്തോളം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ നാമജപവുമായി പ്രതിഷേധിക്കുകയാണ്. കൂടുതല്‍ പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തിന് എത്തുമെന്ന് ഇവര്‍ പറയുന്നു. ശശികലയെ പോലീസ് തിരിച്ച് കൊണ്ടുപോയി തൊഴുവിക്കണമെന്നും അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം.
ശശികലയുടെ അറസ്റ്റ് നീചവും നിയമവിരുദ്ധവുമാണ് എന്നാണ് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിളളയുടെ പ്രതികരണം.നേരത്തെ നട തുറന്ന സമയങ്ങളില്‍ സന്നിധാനത്ത് പ്രതിഷേധക്കാര്‍ രാത്രി കാലങ്ങളിലും പോലീസ് വിലക്ക് മറികടന്ന് തമ്പടിച്ചിരുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തവണ പത്ത് മണിക്ക് ശേഷം സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല എന്ന നിലപാട് പോലീസ് കര്‍ശനമാക്കിയത്. എന്നാല്‍ പോലീസിന്റ നിര്‍ദേശം അനുസരിക്കില്ല എന്ന് പ്രഖ്യാപിച്ചാണ് ശശികല അടക്കമുളളവരുടെ വരവ്. എന്നാല്‍ നേതാക്കളുടെ കരുതല്‍ തടങ്കല്‍ അടക്കമുളള കര്‍ശന നടപടികള്‍ പോലീസ് തുടരുന്നു.ആചാര സംരക്ഷണ സമിതി കണ്വീനന് പൃഥിപന്, ബിജെപി നേതാവ് പി സുധീര്‍ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതീപ്രവേശനത്തിന് എതിരെ പ്രകോപനപരമായി സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പൃഥിപനെ കരുതല്‍ തടങ്കലിലാക്കിയത്. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഭാര്‍ഗവ റാമിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും മൊഴിയെടുത്ത ശേഷം വിട്ടയച്ചു.