കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കേസെടുക്കും. ദിവ്യയെ കേസിൽ പ്രതിചേര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് മുന്നോട്ടുപോകാൻ പൊലീസ് തീരുമാനിച്ചത്. പത്തംഗസംഘമാണ് എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്നത്. ടൌൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. മരണത്തിൽ സഹോദരൻ കെ പ്രവീൺ ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളുടെയും നവീനിന്റെ സഹപ്രവർത്തകരുടെയും വിശദമായ മൊഴിയെടുക്കാനായി സംഘം പത്തനംതിട്ടയിലേക്ക് ഇന്ന് തിരിക്കാനിരിക്കുകയാണ്. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയും ഇതിനകം തന്നെ രേഖപ്പെടുത്തും.
അഴിമതി ആരോപണത്തെിന് പിന്നാലെ കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിലാണ് അന്വേഷണം. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയും പൊലീസ് എടുക്കും.അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും. നവീന്റെ മരണത്തിൽ കുടുംബാംഗങ്ങള്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. പരാതി നൽകിയിട്ടും ഇതുവരെ പൊലീസ് കേസെടുത്തില്ലെന്ന് കുടുംബം ഇന്നലെ ആരോപിച്ചിരുന്നു.