കുട്ടികളുടെ സാന്നിധ്യത്തിൽ നഗ്നത കാണിക്കുന്നതും ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതും ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ഇത്തരം പ്രവൃത്തികൾ പോക്സോ വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി.പ്രതി പോക്സോ, ഐ.പി.സി എന്നിവ പ്രകാരം വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു.
അമ്മയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്ത പ്രായപൂർത്തിയാകാത്ത മകനെ മർദ്ദിച്ച കേസിലാണ് ഉത്തരവ്. പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തിയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയുടെ മുന്നിൽ ഹർജിയെത്തിയത്. ലോഡ്ജിൽ മുറിയുടെ വാതിലടക്കാതെയാണ് പ്രതി ശാരീരിക ബന്ധത്തിലേർപ്പെട്ടതും വാതിൽ തുറന്നെത്തിയ കുട്ടി രംഗം കണ്ടതും പിന്നാലെ മർദനമേറ്റുവാങ്ങിയതും. ഇതിന്റെ പേരിൽ പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തത് ശരിയല്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ഒരാൾ കുട്ടിക്ക് മുന്നിൽ തന്റെ നഗ്നശരീരം കാണിക്കുന്നത് ആ കുട്ടിയോട് ചെയ്യുന്ന ലൈംഗികാതിക്രമം ആണെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ നിരീക്ഷിച്ചു.