സ്കൂളിലെ ഓണാഘോഷത്തിനുമുൻപ് കുട്ടികൾക്ക് കള്ള് വിറ്റതിനു രണ്ട് കള്ളുഷാപ്പ് ജീവനക്കാർ അറസ്റ്റിൽ. ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ രണ്ട് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കുട്ടിയുടെ നില മെച്ചപ്പെടുകയും മെഡിക്കൽ മേൽനോട്ടത്തിൽ വീട്ടിലേക്ക് അയക്കുകയും ചെയ്തു. ജീവനക്കാര്‍ക്ക് പുറമേ ലൈസൻസികളായ നാലുപേർക്കുമെതിരെയും ചേർത്തല എക്സൈസ് റേഞ്ച് ഓഫീസ് കേസെടുത്തു.
13ന് പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി ഭാഗങ്ങളിലായാണ് സംഭവം. പള്ളിച്ചന്ത ഷാപ്പിലെത്തിയ നാലുകുട്ടികൾക്ക് ജീവനക്കാർ പണംവാങ്ങി കള്ളുകൊടുത്തുവെന്നാണ് എക്സൈസ് കണ്ടെത്തിയത്. പള്ളിപ്പുറം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടിലിരുന്ന് ഒരുകുപ്പി കള്ളുകുടിച്ചശേഷം ബാക്കി ബാഗിലാക്കി ഇവർ സ്കൂളിലെത്തി. തുടർന്ന് സ്കൂളിലെ ശൗചാലയത്തിൽവെച്ചും കുടിച്ചതായി പറയുന്നു. അവശനിലയിലായ കുട്ടിയെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.