ആലപ്പുഴ: ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച 12 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ജില്ലാ നർക്കോട്ടിക് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് ഇവ പിടികൂടിയത്.
ആലപ്പുഴ – ചങ്ങനാശേരി റോഡിൽ കിടങ്ങറയിൽ വച്ചാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ആലപ്പുഴ ഭാഗത്തേക്ക് പുകയില ഉത്പന്നങ്ങൾ കാറിൽ കടത്തുന്നുവെന്ന രഹസ്യവിവരം നർക്കോട്ടിക് വിഭാഗം ഡിവൈഎസ്പിക്ക് ലഭിച്ചിരുന്നു. ഇതേ തുടര്ന്ന് രാമങ്കരി പൊലീസുമായി ചേർന്ന് എസി റോഡിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ചങ്ങനാശ്ശേരി കോട്ടമുറി സ്വദേശി അലക്സ് സെബാസ്റ്റ്യൻ ആണ് പിടിയിലായത്. ചാക്കുകളാക്കിയാണ് പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്നത്.
ഇരുപത്തി ആറായിരം പാക്കറ്റുകളിലായാണ് പന്ത്രണ്ട് ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. മധ്യകേരളത്തിലേക്ക് പുകയില ഉത്പന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ അലക്സ് എന്ന് പൊലീസ് പറഞ്ഞു. സമാന കേസുകളിൽ ഇയാൾ നേരത്തെയും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അലക്സിനെ ചോദ്യം ചെയ്തതിലൂടെ സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും പൊലീസിന് സൂചനകൾ കിട്ടിയിട്ടുണ്ട്.