ദി ഹിന്ദു’ പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ ജ്യോതിഷ് നായര്‍ (എന്‍ ജെ നായര്‍) അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിലേക്ക് കൊണ്ടു വരും കൊണ്ട് വരുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വച്ച ശേഷം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും. രണ്ടു മണിയ്ക്കാണ് സംസ്ക്കാരം. എന്‍.ജെ. നായരുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചനം അറിയിച്ചു.
തന്റെ തൊഴിലില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിച്ച പ്രഗത്ഭ പത്രപ്രവര്‍ത്തകനായിരുന്നു എന്‍ ജെ നായര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുസ്മരിച്ചു. മികച്ച രാഷ്ട്രീയ ലേഖകനായിരുന്നു എന്‍.ജെ. കേരളത്തിന്റെ വ്യവസായം, വാണിജ്യം, ധനകാര്യം, ഊര്‍ജം എന്നീ മേഖലകളെക്കുറിച്ച് ആഴത്തില്‍ പഠിച്ച അദ്ദേഹം വികസനോന്മുഖമായ ഒട്ടേറെ വാര്‍ത്തകളും വിശകലനകളും വായനക്കാര്‍ക്ക് നല്കി.
വിവാദങ്ങള്‍ക്ക് പിറകെ പോകാന്‍ വിസമ്മതിച്ച് കേരളത്തിന്റെ വികസനത്തിന് തന്റെ കഴിവുകള്‍ ഉപയോഗിച്ച എന്‍.ജെ.നായര്‍, രാഷ്ട്രീയ നിരീക്ഷണങ്ങളിലൂടെ ടി.വി. പ്രേക്ഷകര്‍ക്കും സുപരിചിതനായിരുന്നു. പത്രപ്രവര്‍ത്തന ശാഖയ്ക്കു വലിയ നഷ്ടമാണ് എന്‍. ജെ. നായരുടെ നിര്യാണമെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ദു:ഖാര്‍ത്തരായ കുടുംബാംഗങ്ങളെയും സഹപ്രവര്‍ത്തകരെയും സുഹൃത്തുകളെയും അദ്ദേഹം അനുശോചനം അറിയിച്ചു.
ഇന്ന് വെളുപ്പിനെ ഉണര്‍ന്നത് അതീവ ദു:ഖകരമായ ഒരു വിവരമറിയിച്ചുളള സന്ദേശം അറിഞ്ഞു കൊണ്ടാണ്. ദ ഹിന്ദു പത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റര്‍ എന്‍.ജെ. നായര്‍ ഹൃദയാഘാതം മൂലം അന്തരിച്ചുവെന്ന ആ സന്ദേശം അവിശ്വസനീയമായിരുന്നു. ഉള്‍ക്കൊള്ളാനാകുന്നതായിരുന്നില്ല അത്. മനസിനെ വല്ലാതെ ഉലയ്ക്കുന്ന ആ വിവരം സത്യമാകരുതെന്ന് ആഗ്രഹിച്ചു. എന്‍.ജെ നായര്‍ എന്ന പത്രപ്രവര്‍ത്തകന്റെ ബൈ ലൈനോടുള്ള വാര്‍ത്ത ദ ഹിന്ദു വിന്റെ സ്റ്റേറ്റ് എഡിഷനില്‍ കാണാത്ത ദിവസങ്ങള്‍ ചുരുക്കമായിരുന്നു. പത്ര പ്രവര്ത്തകന് എന്നതിലുപരി പതിറ്റാണ്ടുകളായുള്ള ബന്ധവും സ്നേഹവും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോടും, ഇടതുപക്ഷ പ്രസ്ഥാനത്തോടും തനിക്കുള്ള അടുപ്പം മറച്ചുവെക്കാത്ത, അതില്‍ അഭിമാനിച്ചിരുന്ന പത്രപ്രവര്‍ത്തകനായിരുന്നു എന്‍.ജെ നായര്‍. വാര്‍ത്തകളെ സത്യസന്ധമായി സമീപിച്ചിരുന്ന എന്‍.ജെ. നായര്‍ പത്രപ്രവര്‍ത്തന മേഖലയില്‍ പുതിയ തലമുറയ്ക്ക് വഴി കാട്ടിയായിരുന്നു. വാര്‍ത്തകള്‍ക്കായും, അല്ലാതെ സമകാലിക കാര്യങ്ങള്‍ സംസാരിക്കുന്നതിനും, സൗഹൃദത്തോടെ ഫോണില്‍ വിളിക്കുമായിരുന്നു. വാര്‍ത്ത ശേഖരിക്കുക എന്ന ഉദ്ദേശത്തോട് കൂടിയല്ലാതെ, ഒരാവശ്യവും പറയാനല്ലാതെ എന്നെ കാണാന്‍ ഇടയ്ക്കൊക്കെ വീട്ടില്‍ വരുമായിരുന്നു. രണ്ടാഴ്ച്ച മുന്‍പ് ഞങ്ങള്‍ വീട്ടില്‍ വെച്ച് കുറേ നേരം സംസാരിച്ചിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ അടുത്തിടെ സജീവമായിരുന്നു എന്‍.ജെ നായര്‍. അദ്ദേഹം പങ്കെടുക്കുന്ന ചര്‍ച്ച ഞാന്‍ കാണാറുണ്ടായിരുന്നു. അതേക്കുറിച്ചൊക്കെ പിന്നെ വിളിക്കുമ്പോള്‍ സരസമായി സംസാരിക്കുമായിരുന്നു. കളങ്കമില്ലാത്ത സ്നേഹമായിരുന്നു എന്‍.ജെ. സഖാവായിരുന്നു , സുഹൃത്തായിരുന്നു, സഹോദരനായിരുന്നു.
പ്രണാമം… ഏറെ പ്രിയപ്പെട്ട എന്‍.ജെ… അടുത്തറിഞ്ഞവരുടെ ഓര്‍മ്മകളില്‍ എന്‍.ജെ നായര്‍ എന്നുമുണ്ടാകും. ലാല്‍സലാം.
കടകംപള്ളി സുരേന്ദ്രന്
ഹിന്ദു പത്രത്തിലെ ഡെപ്യൂട്ടി എഡിറ്റര്‍ എന്‍.ജെ നായരുടെ മരണം അവിശ്വസനീയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തില്‍ പങ്കുചേരുന്നു.
നൈതികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച മനുഷ്യസ്നേഹിയായ പത്രപ്രവര്‍ത്തകനെയാണ് ശ്രീ. എന്‍. ജെ. നായരുടെ നിര്യാണത്തിലൂടെ നഷ്ടമായത്. വിവാദങ്ങള്‍ക്കു പിന്നാലെ പോകാതെ നാടിന്റെ വികസനത്തിനും സമാധാനത്തിനും വേണ്ടിയാണ് അദ്ദേഹം എഴുതിയത്. എപ്പോഴും പുരോഗമനപരമായി ചിന്തിക്കുകയും ചെയ്തു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്.
ദ ഹിന്ദു പത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റര്‍ എന്‍ ജെ നായരുടെ നിര്യാണത്തില്‍ CPIM സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഗാധമായ ദു:ഖം രേഖപ്പെടുത്തി. ഉത്തരവാദിത്ത മാധ്യമ പ്രവര്‍ത്തനത്തിലൂടെ അദ്ദേഹം മനുഷ്യപക്ഷത്ത് നില്ക്കാന് എന്നും പരിശ്രമിച്ചു. മാധ്യമ നൈതികത കൈമോശം വരാതെ ഉള്ളടക്കങ്ങളെ അര്ത്ഥഭരിതമാക്കിയ എന്‍ ജെ നായര്‍ ടെലിവിഷന്‍ ചര്‍ച്ചകളിലും മാന്യത യുടെ പ്രതിബിംബമായിരുന്നു. എന്ജെക്ക്, ആദരാഞ്ജലികള്‍- കോടിയേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദ ഹിന്ദു ഡെപ്യുട്ടി എഡിറ്റര്‍ എന്‍ ജെ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വാര്‍ത്തകളില്‍ എന്നും കൃത്യതയും, വസ്തു നിഷ്ഠതയും പുലര്‍ത്തിയ പത്രപ്രവര്‍ത്തകനായിരുന്നു എന്‍ജെ നായര്‍.വികസനോന്മുഖപത്രപ്രവര്ത്തനത്തില് വലിയ സംഭാവനകള്‍ നല്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. കേരളത്തിന്റെ വാണിജ്യ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളും വിശകലനങ്ങളും കേരളീയ സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആധികാരിതയായിരുന്നു അദ്ദേഹത്തിന്റെ വാര്ത്തകളുടെയുംവിശകലനങ്ങളും മുഖമുദ്ര. പുതിയ തലമുറയിലെ മാധ്യമപ്രവര്ത്തകര്ക്ക്്മികച്ചൊരു പാഠപുസ്തകമായിരുന്നു അദ്ദേഹം. എന്‍ ജെ നായരുടെ നിര്യാണത്തോടെ മാധ്യമ മേഖലയിലെ അതുല്യവ്യക്തിത്വങ്ങളിലൊന്നാണ് മറഞ്ഞ് പോകുന്നതെന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മാധ്യമരംഗത്ത് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പത്രപ്രവര്‍ത്തകനായിരുന്നു എന്‍ ജെ നായരെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. യാഥാര്‍ഥ്യബോധത്തോടെയുള്ള രാഷ്ട്രീയ വിശകലനത്തിലാണ് അദ്ദേഹം ശ്രദ്ധപതിപ്പിച്ചത്. ഒരിക്കലും വിവാദങ്ങളുടെ പുറകെ പോയില്ല. വികസനോന്മുഖ കാഴ്ചപ്പാടുമായാണ് അദ്ദേഹം മുന്നോട്ടുപോയതെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വാര്‍ത്തകള്‍ വസ്തുനിഷ്ഠമായിരിക്കണം എന്ന നിര്‍ബന്ധബുദ്ധിയുള്ള മാധ്യമപ്രവര്‍ത്തകനായിരുന്നു ദി ഹിന്ദുവിലെ എന്‍ ജെ നായര്‍. ക്രോസ് ചെക്ക് ചെയ്യാതെ ഒരു വാര്‍ത്തയും അദ്ദേഹം എഴുതിയിരുന്നില്ല. ദി ഹിന്ദു പൊതുവേ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യമാണത്. വാര്‍ത്താ ഉറവിടത്തിന്റെ താല്പര്യങ്ങളല്ല അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളുടെ ദിശ നിശ്ചയിച്ചിരുന്നത്. ലഭിക്കുന്ന വിവരങ്ങളില്‍ വസ്തുതയുണ്ടോ എന്നു പലതലങ്ങളില്‍ പരിശോധിച്ചുറപ്പു വരുത്തിയും, ആര്‍ക്കെങ്കിലും എതിരെയാണ് വാര്‍ത്തയെങ്കില്‍ അവര്‍ക്കു പറയാനുള്ളതുകൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയും തന്റെ വാര്‍ത്തകളില്‍ പത്രപ്രവര്‍ത്തനത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ചു. സമകാലിക മാധ്യമലോകത്ത് ഏതാണ്ട് അന്യം നിന്നു കഴിഞ്ഞ ഒരു ശാഖയുടെ വക്താവായിരുന്നു അദ്ദേഹം. സെന്‍സേഷണലിസത്തിന്റെ പുകപടലങ്ങളൊഴിഞ്ഞു നിന്ന പ്രൊഫഷണല്‍ ജീവിതം.
തികച്ചും അവിശ്വസനീയമാണ് പല സുഹൃത്തുക്കള്ക്കുമെന്ന പോലെ എനിക്കും ഈ വേര്‍പാട്. പകലൊടുങ്ങുവോളം കളിച്ചും ചിരിച്ചും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ആളാണ് ഒരു രാത്രിയുടെ മറവില്‍ വേര്‍പെട്ടു പോയത് എന്ന സഹപ്രവര്‍ത്തകരുടെ ഞെട്ടല്‍ ഫേസ്ബുക്ക് പേജുകളില്‍ കാണാം. മൂന്നോ നാലോ ദിവസം മുമ്പാണ് ഞാനും കണ്ടത്. വീട്ടില്‍ വന്നിരുന്ന ധാരാളം സംസാരിച്ചു. തന്നിലെ പ്രസന്നത ഒപ്പമുള്ളവര്‍ക്കു കൂടി പകര്‍ന്നുകൊടുക്കുന്ന സുഹൃത്തായിരുന്നു അദ്ദേഹം. ഓര്‍ക്കുന്തോറും ആഴം കൂടുന്ന നഷ്ടബോധം.
അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊന്നും ഈ വേര്‍പാട് അത്രപെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല. അവരുടെയെല്ലാം ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. എന്‍ ജെ നായരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. തോമസ് ഐസക് (ധനകാര്യമന്ത്രി).