ഇടുക്കി: ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടര്‍ന്ന് പൊട്ടിപ്പൊളിഞ്ഞ പശുതൊഴുത്തില്‍ പഠനം തുടരേണ്ട അവസ്ഥയില്‍ മൂന്നാര്‍ ഗവ കോളേജ് വിദ്യാര്‍ത്ഥികള്‍.
മന്ത്രി തല ഇടപെടലുകളുടെ ഭാഗമായി മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ കെട്ടിടം അനുവദിച്ചെങ്കിലും പ്രഖ്യാപനം കടലാസ്സിലൊതുങ്ങി. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് ദേവികുളം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കോളേജ് കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നത്.
പത്തേക്കറില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ചിരുന്ന അഞ്ച് കെട്ടിടങ്ങളാണ് മണ്ണിടിച്ചിലില്‍ മാട്ടുപ്പെട്ടിയാറില്‍ പതിച്ചത്. ഇതോടെ മൂന്നുമാസത്തോളം കുട്ടികളുടെ പഠനം മുടങ്ങിയിരുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേത്യത്വത്തില്‍ മൂന്നാറിലെ വിവിധ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കണ്ടെത്തിയെങ്കിലും വകുപ്പുകള്‍ വിട്ടുനല്‍കാന്‍ കൂട്ടാക്കിയില്ല.
മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണല്‍ കെട്ടിടം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനും സംഘവും നടത്തിയ ശ്രമങ്ങള്‍ വിവാദങ്ങള്‍ക്കും കാരണമായി.
കെട്ടിടം ലഭിക്കാതെവന്നതോടെ കുട്ടികള്‍ ഒന്നടങ്കം മൂന്നാര്‍ ടൗണിലെ വഴിയോരങ്ങളില്‍ പഠനം ആരംഭിക്കുകയും ചെയ്തു. ഇതോടെ മൂന്നാര്‍ എന്‍ജിനിയറിംങ് കോളേജില്‍ ആര്‍ട്സ് കോളേജ് പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കിയത്. ക്ലാസ് മുറികള്‍ ഒഴിഞ്ഞുകിടന്നെങ്കിലും പൊട്ടിപ്പൊളിഞ്ഞ പശുതൊഴുത്താണ് കുട്ടികള്‍ക്ക് തുടര്‍പഠനം നടത്താന്‍ ജീവനക്കാര്‍ വിട്ടുനല്‍കിയത്.
450 കുട്ടികളാണ് കോളേജില്‍ പഠനം നടത്തുന്നത്. എന്നാല്‍ ഇത്രയും കുട്ടികള്‍ക്ക് ഇരിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. മാത്രമല്ല അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പെണ്‍കുട്ടികള്‍ക്ക് തിരിച്ചടിയായിരുന്നു.
വൈദ്യുതിമന്ത്രി എംഎം മണിയുടെ ശ്രമഫലമായി എ കെ ബാലന് ഒഴിപ്പിച്ച മൂന്നാര്‍ സപെഷ്യല്‍ ട്രൈബ്യൂണല്‍ കെട്ടിടത്തിന്റെ മൂന്ന് മുറികള്‍ താല്‍ക്കാലികമായി വിട്ടുനല്‍കാന്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും എല്ലാം കടലാസിലൊതുങ്ങുകയായിരുന്നു.നിലവില്‍ കതകും ജനാലകളുമില്ലാത്ത കെട്ടിടത്തില്‍ തണുത്തുവിറച്ചാണ് കുട്ടികള്‍ ഇരിക്കുന്നത്.
എം എ വിഭാഗത്തില്‍ ഒരു ബെഞ്ചും അധ്യാപകന് ഇരിക്കാന്‍ ഒരു കസേരയും മാത്രമാണ് ഉള്ളത്. പ്രശ്നങ്ങള്‍ ഇത്രയധികം സങ്കീര്‍ണ്ണമാകുമ്പോഴും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കാത്തതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ട്.